p-murali

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി.മുരളി രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്ന് പി.മുരളി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള രാജിക്കത്ത് പാർട്ടിക്ക് നൽകിയതായും പാർട്ടി രാജി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. മെമ്പർ സ്ഥാനം രാജിവയ്ക്കുന്നത് പാർട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും 11-ാം വാർഡായ പെരുമാതുറയിലെ മെമ്പറുമായ എം.അബ്ദുൽ വാഹിദ് പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന. പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന ചിറയിൻകീഴ് വാർഡിൽ നിന്നാണ് പി.മുരളി പഞ്ചായത്തംഗമായത്.

19 വാർഡുകളുള്ള പഞ്ചായത്തിൽ 12 എണ്ണത്തിലും വിജയിച്ചാണ് ഇടതുമുന്നണി ഇവിടെ ഭരണം നടത്തുന്നത്. കോൺഗ്രസ് 5, ബി.ജെ.പി 2 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. പഞ്ചായത്ത് രൂപീകരണകാലം മുതൽ ഇടതുപക്ഷം ഭരണം നടത്തുന്ന പഞ്ചായത്താണിത്. വർഷങ്ങളായി കോൺഗ്രസ് കുത്തകയായി വച്ചിരുന്ന ചിറയിൻകീഴ് വാർഡ് പി.മുരളിയിലൂടെയാണ് സി.പി.എം സ്വന്തമാക്കിയത്.