തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ അരങ്ങേറിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.സാംസ്കാരിക വകുപ്പിനുകീഴിലെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിപ്രകാരം പരിശീലനം പൂർത്തിയാക്കിയ 408 പേരാണ് തിരുവാതിര അവതരിപ്പിച്ചത്.ജില്ലാ കോ-ഒാർഡിനേറ്റർ അപർണ പ്രേം നേതൃത്വം നൽകി. ജില്ലയിൽ പരിശീലനം നൽകുന്ന 12 ഫെലോഷിപ്പ് കലാകാരൻമാരാണ് തിരുവാതിര അഭ്യസിപ്പിച്ചത്. കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പരിപാടി വീക്ഷിക്കാനെത്തി.

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ബൃഹത് പദ്ധതിയാണ് വജ്രജൂബിലി ഫെല്ലോഷിപ്.സൗജന്യമായി കലകൾ അഭ്യസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ജില്ലയിൽ ബ്ലോക്ക്‌, മുൻസിപ്പാലിറ്റി, കോർപറേഷൻ ഉൾപ്പെടെ 16 ക്ലസ്റ്ററുകളാണ് ഉള്ളത്. സംഗീതം, നൃത്തം, ചിത്രരചന, ഉപകരണസംഗീതം, നാടൻ കലാരൂപങ്ങൾ, മാപ്പിള കല എന്നിവ സൗജന്യമായി അഭ്യസിപ്പിക്കും. ഏകദേശം 1,50,000 പഠിതാക്കളാണ് ജില്ലയിൽ ഈ പദ്ധതിക്കു കീഴിലുള്ളത്.