തിരുവനന്തപുരം; കാലാവധി പൂർത്തിയാകാൻ രണ്ടു മാസം മാത്രം ശേഷിക്കുന്ന സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ പൊരിവെയിലത്ത് പട്ടിണി കിടന്നും വ്യായാമമുറകൾ കാണിച്ചും റാങ്ക് ഹോൾഡേഴ്‌സ് സമരം. കറുത്ത വേഷം അണിഞ്ഞു വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികൾ സമരത്തിൽ അണിനിരന്നു.

കടുത്ത അനീതി: പി.സി.വിഷ്ണു‌നാഥ്


പി.എസ്.സിയുടെ അശാസ്ത്രീയമായ രണ്ട്ഘട്ട പരീക്ഷാ പരിഷ്കാരത്തിനും ഇരകളായി 5 വർഷം നഷ്‌ടപ്പെട്ട സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലുള്ളവരോടു സർക്കാർ കാണിക്കുന്നതു കടുത്ത അനീതിയെന്ന് പി.സി. വിഷ്ണു‌നാഥ് എം.എൽ.എ. നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നടത്തിയ സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 4 ടെസ്‌റ്റ് എഴുതേണ്ട സമയമാണു രണ്ട് ഘട്ട പരീക്ഷാ പരിഷ്‌ക്കാരം കാരണം ഉദ്യോഗാർത്ഥികൾക്കു നഷ്‌ടമായതെന്നും അദ്ദേഹം പറഞ്ഞു. ഡോ.വന്ദന ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടപ്പോൾ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് പ്രത്യേക ഫോഴ്‌സിനെ രൂപീകരിക്കുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞതെന്നും ഇതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ആശുപത്രികളിൽ പൊലീസിനെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയാൻ മന്ത്രി തയാറാകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സമരത്തിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു.