മലയിൻകീഴ്: വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടനാ ലിസ്റ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ എ ഗ്രൂപ്പിലെ 16 പേർ കോൺഗ്രസിൽ നിന്ന് രാജിവച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിളപ്പിൽ ശശിധരൻനായർ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എസ്.ശോഭനകുമാരി,യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി,ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ജി.പങ്കജാക്ഷൻ എന്നിവർ ഉൾപ്പെടെയാണ് ഡി.സി.സി പ്രസിഡന്റിന് രാജി സമർപ്പിച്ചത്. കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ പൂർണമായി ഒഴിവാക്കിയെന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരിൽ പുതിയ ഗ്രൂപ്പിന്റെ ഭാരവാഹികളെ കുത്തിനിറച്ച നടപടിക്കെതിരെ എ ഗ്രൂപ്പിൽ ഉൾപ്പെട്ടവർ രാജിവയ്‌ക്കുകയാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ഇവർ രേഖാമൂലം അറിയിച്ചു.

പീഡനക്കേസ് പ്രതിയെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി രാഷ്ട്രീയ ഗാനം ഉൾപ്പെടെ നിർമ്മിച്ചവരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. ഇന്നലെ പേയാട് ആൽഫ ഹാളിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഒഴിവാക്കപ്പെട്ടവരും മുതിർന്ന കോൺഗ്രസ് നേതാക്കളും എ ഗ്രൂപ്പും പൂർണമായി വിട്ടുനിന്നു. എ ഗ്രൂപ്പ് രാജിയിൽ ഉറച്ചുനിൽക്കുമെന്നാണ് കോൺഗ്രസ് നേതാവ് ജി.പങ്കജാക്ഷൻ കേരളകൗമുദിയോട് പറഞ്ഞു.