1

പോത്തൻകോട്: കരാറുകാരന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന റോഡ് ഇന്നലത്തെ ചാറ്റൽ മഴയിൽ പൂർണമായി തകർന്നു. കുളത്തൂർ ഇൻഫോസിസ് കാമ്പസിന് മുന്നിലെ സർവീസ് റോഡിലാണ് സംഭവം.

സംഭവത്തെ തുടർന്ന് ഈ ഭാഗത്തെ ഗതാഗതം പൂർണമായി നിലച്ചു. മാസങ്ങൾക്ക് മുമ്പ് സർവീസ് റോഡിന്റെ ഒരുവശത്ത് ഇരുന്നൂറ് മീറ്റർ വരുന്ന ഭാഗം വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ ദേശീയപാത അധികൃതർക്ക് നിരവധി പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയെ തുടർന്ന് ഒരാഴ്ച മുമ്പ് റോഡ് അടച്ചിട്ട് കരാറുകാരൻ അറ്റകുറ്റപ്പണികൾ നടത്തി.

ഇടിഞ്ഞുതാഴ്ന്ന റോഡിന്റെ ഭാഗത്ത് ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്താതെ ചല്ലി നിരത്തി ടാറിംഗ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പണികൾ നടന്ന റോഡിന്റെ ഭാഗം ഇന്നലെ രാവിലെ 7ഓടെ ഓടയും തകർത്ത് പൂർണമായി ഇടിഞ്ഞുതാണത്. അപകടസമയം സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. സർവീസ് റോഡ് 30 മീറ്റർ നീളത്തിൽ വിണ്ടുകീറി ആറടി താഴ്‌ചയിലാണ് ഇടിഞ്ഞത്. ദേശീയപാതയിലെ പ്രധാന റോഡിനോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള ഓടയും പൂർണമായി തകർന്നിട്ടുണ്ട്.

ദേശീയപാത നിർമ്മാണ സമയത്ത് സർവീസ് റോഡുകളുടെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. പ്രധാന റാേഡിനോടു ചേർന്ന് നിർമ്മിച്ച ഓടയുടെ ഭിത്തി സംരക്ഷണഭിത്തിയാക്കി മാറ്റിയാണ് സർവീസ് റോഡ് നിർമ്മിച്ചത്. ഭാരം കയറ്റിയ ടോറസ് ലോറികൾ ഉൾപ്പെടെ കടന്നുപോകുന്ന ഈ റോഡിന്റെ പല ഭാഗത്തും ഇത്തരത്തിൽ താഴ്ചകൾ രൂപപ്പെട്ടിട്ടുണ്ട്.