
തിരുവനന്തപുരം: കേന്ദ്രബഡ്ജറ്രിൽ കേരളത്തിന് അർഹമായത് കിട്ടണമെന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ സമീപനത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനാൽ പ്രതീക്ഷ കുറവാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കടമെടുപ്പ് പരിധി കൂട്ടണമെന്നും നികുതി വിഹിതം 50 ശതമാനം പങ്കുവയ്ക്കണമെന്നുമുള്ള ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വച്ചിട്ടുണ്ട്. ധനകാര്യകമ്മിഷനുകളാണ് അതിൽ തീരുമാനമെടുക്കേണ്ടത്. കൂടുതൽ പദ്ധതികളും ഗ്രാൻഡും കിട്ടുമെന്ന് ഉറപ്പില്ല.
വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുമ്പോൾ കൂടുതൽ അടിസ്ഥാനസൗകര്യ പദ്ധതികൾ, മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസ പാക്കേജുകൾ, എയർ കണക്ടിവിറ്റിക്കായുള്ള പദ്ധതികൾ, കാർഷിക മേഖലയിലെ മൂല്യവർദ്ധന പദ്ധതികൾ, മത്സ്യമേഖലയിൽ നവീകരണ പദ്ധതികൾ, എയിംസിന് തുല്യമായ ആശുപത്രി, മാലിന്യസംസ്കരണ പദ്ധതികൾ, ജലാശയങ്ങൾ നവീകരിക്കുന്ന പദ്ധതി, നാളികേരള മേഖലയിൽ പുതിയ സഹായം, വന്ദേഭാരതുൾപ്പെടെ റെയിൽവേ വികസനപദ്ധതികൾ തുടങ്ങി നിരവധി ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഏതൊക്കെ അനുവദിച്ചുകിട്ടുമെന്ന് കണ്ടറിയണം.
കേരളത്തോട് ഒരുതരം സാമ്പത്തിക ഉപരോധവും പ്രതികൂല സമീപനവുമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. യാതൊരു നിയമാധികാരവുമില്ലാതെ നടപടികൾ പാലിക്കാതെ പാർലമെന്റിനെപ്പോലും അറിയിക്കാതെയാണ് വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചത്. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ബാലഗോപാൽ പറഞ്ഞു.