i

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.‌‌ഡി സ്ഥാനത്തു നിന്നും ഒഴിവാക്കി തരണമെന്ന ബിജു പ്രഭാകറിന്റെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌ കുമാറിനോടും ചീഫ് സെക്രട്ടറി വി.വേണുവിനോടുമാണ് ആവശ്യമുന്നയിച്ചത്.

പുതിയ മേധാവിയെ നിയോഗിക്കുന്നതുവരെ ജോയിന്റ് എം.ഡി പ്രമോജ് ശങ്കറിനാകും ചുമതല. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസ തുടർന്നാണ് പദവി ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചതെന്നാണ് സൂചന.

ഗതാഗത മന്ത്രിയുടെ ഓഫീസ് വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചില്ല. ഗതാഗത സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ആ സ്ഥാനത്ത് തുടരാനാണ് സാദ്ധ്യത. കെ.ടി.ഡി.എഫ്.സി സി.എം.ഡിയുടെ ചുമതലയും ബിജുവിനാണ്.

കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ രണ്ടര വർഷമായി നടന്നുവന്ന പരിഷ്കാര പ്രവർത്തനങ്ങളെല്ലാം ശരിയല്ലെന്ന മന്ത്രി ഗണേശ്‌ കുമാറിന്റെ നിലപാടിൽ ബിജു പ്രഭാകർ അതൃപ്തനായിരുന്നു.

ഇ ബസ് നഷ്ടമാണെന്ന് അധികാരമേറ്റ ഉടൻ മന്ത്രി ഗണേശ്‌ വാദിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്തു വന്നത്. ഇത് മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. അതിനു പിന്നാലെ എം.ഡിയെ മാറ്റാനുള്ള നീക്കം സജീവമായിരുന്നു. ഇക്കാര്യം കഴിഞ്ഞ 29ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.