1

തിരുവനന്തപുരം: തോന്നയ്ക്കലിൽ പുരോഗമിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സന്ദർശിക്കാൻ 326 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തി വ്യോമസേനാ ഉദ്യോഗസ്ഥനായ വൈശാഖ്. മലപ്പുറത്തെ തിരൂരിന് സമീപമുള്ള വൈരംകോട് ഗ്രാമത്തിൽ നിന്നാണ് വൈശാഖ് എത്തിയത്. സുഹൃത്തുക്കളിൽനിന്നാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിനെക്കുറിച്ച് അറിഞ്ഞത്.രാജസ്ഥാനിലെ ജോലിസ്ഥലത്തു നിന്ന് അവധിക്ക് നാട്ടിലെത്തുമ്പോൾ സയൻസ് ഫെസ്റ്റിവലിന് പോകാൻ തീരുമാനിച്ചു.

രാജസ്ഥാനിൽ നിന്ന് ബംഗളൂരുവിലെത്തി അവിടെനിന്ന് സൈക്കിളിൽ തിരൂരിലെ വീട്ടിലേക്ക് തിരിച്ചു. അപ്പോഴും തീരൂരിൽനിന്ന് തിരുവനന്തപുരം വരെ സൈക്കിളിൽ പോകാനുള്ള പദ്ധതിയുണ്ടായിരുന്നില്ല. വീട്ടിലെത്തിയശേഷമാണ് തിരുവനന്തപുരത്തെ സയൻസ് ഫെസ്റ്റിവൽ വേദിയിലേക്കും സൈക്കിളിൽ തന്നെ പോകാമെന്ന് തീരുമാനിച്ചതെന്ന് വൈശാഖ് പറയുന്നു. യാത്ര സംബന്ധിച്ച് സയൻസ് ഫെസ്റ്റിവലിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടശേഷമാണ് പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തോന്നയ്ക്കലിലെ സയൻസ് ഫെസ്റ്റിവൽ വേദിയിലെത്തി. കൊച്ചിയിലും കൊല്ലത്തുമെല്ലാം വിശ്രമിച്ചശേഷമാണ് വൈശാഖ് എത്തിയത്. 16 മണിക്കൂർ പെഡലിംഗ് ടൈം മാത്രമാണ് തിരൂരിൽനിന്ന് തോന്നയ്ക്കൽ വരെയുള്ള 326 കിലോമീറ്റർ പിന്നിടാനെടുത്തത്. സൈക്കിൾ യാത്രയുടെ വിവരമറിഞ്ഞ് വൈശാഖിനെ സംഘാടകർ സ്വീകരിച്ചു. സന്ദർശനം പൂർത്തിയാക്കിയ വൈശാഖ് ഇന്ന് രാത്രി തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങും. സൈക്കിളിൽ ദീർഘദൂര യാത്ര നടത്തുന്നത് വൈശാഖിന്റെ ഹോബിയാണ്. ജോലിയുടെ ഭാഗമായി ബംഗളൂരുവിലും രാജസ്ഥാനിലും അസാമിലും മേഘാലയയിലുമെല്ലാം താമസിക്കുന്ന സമയത്ത് അവിടങ്ങളിലെല്ലാം ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ബംഗളൂരുവിൽനിന്ന് ഗോവ വരെ 600 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതാണ് വൈശാഖിന്റെ ഏറ്റവും ദൈർഘ്യമേറിയ യാത്ര.