തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ വികാരഭരിതനായി നിയമസഭയിൽ പ്രതികരിച്ച മുഖ്യമന്ത്രി തന്റെ കൈകൾ ശുദ്ധമാണെന്ന് വ്യക്തമാക്കി.

'ബിരിയാണിച്ചെമ്പ്, സിംഗപ്പൂർ യാത്ര,ടെക്നിക്കാലിറ്റി, കമല ഇന്റർനാഷണൽ,കൊട്ടാരം പോലുള്ള വീട്,നാടുമുഴുവൻ സ്ഥലംവാങ്ങി അങ്ങനെ എന്തെല്ലാമായിരുന്നു നേരത്തെ.

ഭാര്യയെ കുറിച്ചായിരുന്നു പിന്നീട്. ഇപ്പോൾ മകളിലേക്ക് എത്തിയിട്ടുണ്ട്. മകൾ ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, അവളുടെ അമ്മയായ എന്റെ ഭാര്യ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കാശുകൊണ്ടാണ്, അത് ബാങ്കിൽ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയി നിന്റേതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്നുപറഞ്ഞിട്ട് തുടങ്ങുകയായിരുന്നു." മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ഒരു മാനസിക കുലുക്കവും ഉണ്ടാകാറില്ലെന്നും പിണറായി വ്യക്തമാക്കി.

ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള വളരെ ദീർഘമായ മറുപടിക്കൊടുവിലാണ് സഭയെ അമ്പരപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഏറെ വികാരഭരിതനായി തനിക്കെതിരായ തുടർച്ചയായ ആക്ഷേപങ്ങളോട് പ്രതികരിച്ചത്.

'മനഃസമാധാനമാണ് പ്രധാനം. നിങ്ങൾ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാവൂ. തെറ്റ് ചെയ്‌തെങ്കിൽ മനഃസമാധാനം ഉണ്ടാകില്ല. തെറ്റായ കാര്യങ്ങൾ നമ്മളെക്കുറിച്ച് പറയുമ്പോൾ ഉള്ളാലെ ചിരിച്ചുകൊണ്ട് അത് കേൾക്കാൻ പറ്റും. ഉള്ളാലെ ചിരിച്ചുകൊണ്ട് അങ്ങനെ കേൾക്കാൻ പറ്റുന്ന മാനസികാവസ്ഥയിലാണ് ഞാൻ. ഒന്നും എന്നെ ഏശില്ല. ഏശാത്തത് ഇതുകൊണ്ടുതന്നെയാണ്. അതൊരു അഹംഭാവം പറച്ചിലൊന്നുമല്ല. ഈ കൈകൾ ശുദ്ധമാണ്. അതുകൊണ്ടാണ്. അതാരുടെ മുന്നിലും പറയാൻ കഴിയും. അല്പം തലയുയർത്തിത്തന്നെ പറയാൻ കഴിയും.'- അതിവികാരത്തോടെ പിണറായി പറഞ്ഞു.

'സംസ്ഥാനത്ത് ഈ ടീമിനെ നയിക്കുന്നത് ഞാനാണല്ലോ, മുന്നിൽ നിൽക്കുന്നത് ഞാനാണ്. നിങ്ങൾക്ക് പറയാനുള്ളത് പറയ്, അത് ജനങ്ങൾ സ്വീകരിക്കുമോ എന്ന് നമുക്ക് നോക്കാം'മുഖ്യമന്ത്രി പറഞ്ഞുനിറുത്തി, സീറ്റിലേക്ക് ചാരിയിരുന്നു.

മോദിയെ തൊഴുതത് പേടിച്ചല്ല

പ്രധാനമന്ത്രിയുമായി സൗഹൃദമാണെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി തുടങ്ങിയത്. പ്രധാനമന്ത്രി വന്നപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ സ്വീകരിച്ചു. പരസ്പരം തൊഴുതു. നേരത്തെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും മോദിയെ സ്വീകരിച്ചത് അങ്ങനെയല്ലേ, നമ്മളൊക്കെ മനുഷ്യരല്ലേ,ഒട്ടും സൗഹൃദം കാണിക്കാത്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ വിമാനത്തിൽ വച്ച് കണ്ടുമുട്ടിയപ്പോഴും ചിരിച്ചു, കുശലം ചോദിച്ചു. അദ്ദേഹം പക്ഷേ, പുറത്തിറങ്ങി പറഞ്ഞതെന്താ"നാണമില്ലാത്ത മനുഷ്യൻ, എന്നെ കണ്ടപ്പോൾ ചിരിക്കുന്നു" എന്നാണ്. അത് അങ്ങനെ ഒരുമനുഷ്യൻ. മോദിയെ കണ്ടപ്പോൾ സാധാരണ മര്യാദയാണ് കാട്ടിയത്. അത് ഭയന്നതുകൊണ്ടല്ല, ഞാൻ തൊഴുതതല്ലേയുള്ളൂ.അല്ലാതെ രാഹുൽഗാന്ധി കാണിച്ചതുപോലെ കാട്ടിയില്ലല്ലോ.ഇവിടെ പ്രസംഗിച്ചിട്ട് പ്രതിപക്ഷ നേതാവ് എന്നെ വന്ന് കെട്ടിപ്പിടിച്ചാൽ എങ്ങനിരിക്കും? മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഗവർണർക്ക് സംഘപരിവാറുകാരൻ സ്റ്റാഫിനെ വേണമെന്ന് പറഞ്ഞു. എങ്ങനെയാണ് നിഷേധിക്കുക. പ്രതിപക്ഷ നേതാവ് ചിലരെ സ്റ്റാഫായി വയ്ക്കുമ്പോൾ നിഷേധിക്കാറില്ലല്ലോ,പ്രതിപക്ഷ നേതാവിനെക്കാൾ വലുതല്ലേ ഗവർണർ.അതെങ്ങനെ ഒത്തുകളിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.