തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മിഷൻ 'യുവജന ശാക്തീകരണം: സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങൾ സമൂഹത്തിലെ ഏറ്റവും നിർണായക ഘടകമാണെന്നും ഏതുഘട്ടത്തിലും ചലനാത്മകമായി ഇടപെടാൻ അവർക്കാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കേരളത്തിലെ യുവതലമുറയിൽ ഒരു കുറവുമുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി അതു സമൂഹത്തിന്റെയാകെ പ്രതിഫലനമായി വരുത്തി തീർക്കാൻ ശ്രമിക്കരുത്. സമൂഹത്തിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും സമൂഹത്തിനോടൊപ്പം ചേർന്ന് നിൽക്കുന്ന ആളുകളെയാണ് ആവശ്യം. ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമാണ് യുവജന കമ്മിഷൻ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. വി.ജോയി എം.എൽ.എ, യൂത്ത് വെൽഫെയർ ബോർഡ് മെമ്പർ വി.കെ.സനോജ്, യൂത്ത് കമ്മിഷൻ അംഗങ്ങളായ ആർ.രാഹുൽ, വി.വിനിൽ, ഗ്രീഷ്‌മ അജയഘോഷ്, കെ.റഫീഖ്, പി.സി.ഷൈജു, അബേഷ് അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.