kunnel-krishnan

നക്സൽ വർഗീസിനൊപ്പം പോരാടിയ കുന്നേൽ കൃഷ്ണൻ സജീവ രാഷ്ട്രീയം വിട്ടു

''ആ മൂന്ന് തെങ്ങുകൾ കണ്ടോ‌‌?. അതിന് എഴുപത്തിയഞ്ച് വയസായി. എനിക്ക് എൺപത്തിയഞ്ചും.എന്റെ അച്ഛൻ കറുമ്പൻ വച്ചതാ അത്. അഞ്ചെണ്ണം വച്ചു. മൂന്നെണ്ണം പിടിച്ചു. നല്ല കായ്ഫലമുളള തെങ്ങ്.''1948 മാർച്ച് മാസം തൊടുപുഴക്കടുത്ത ഇടമറുകിൽ നിന്ന് അഞ്ച് മക്കളെയും കൊണ്ട് വയനാട്ടിലെത്തിയ കറുമ്പനും അമ്മ കറുമ്പിയും മക്കളെ വളർത്താൻ പെട്ട പാട് ചെറുതൊന്നുമല്ല. ഒരു ഏക്കറിനു പത്ത് രൂപ തോതിൽ ആയിരം രൂപക്ക് നൂറ് ഏക്കർ ഭൂമി വാങ്ങി. കാടും മേടും വെട്ടിത്തെളിച്ച് അതിൽ കനകം വിളയുന്ന ഭൂമിയാക്കി. പ്രതികൂല സാഹചര്യങ്ങൾ. വന്യമൃഗങ്ങളും കൊടും തണുപ്പും മലമ്പനിയും എല്ലാം നേരിട്ടു. നിറയെ ജീവിത പ്രാരാബ്ദങ്ങൾ... ചുരം കയറുമ്പോൾ ഇളയ മകൻ കുന്നേൽ കൃഷ്ണന് പ്രായം ആറ്. പഠന ശേഷം എഴുപതുകളിൽ സായുധവിപ്ലവം സ്വപ്നം കണ്ടു നടന്നിരുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ഒപ്പം ചേർന്നു.

കൂട്ടുകാരൻ മാനന്തവാടി ഗവ. ഹൈസ്കൂളിൽ ഒപ്പം പഠിച്ച വെളളമുണ്ട അരീക്കാട്ട് വർക്കിയുടെ മകൻ എ. വർഗ്ഗീസ്. അവൻ പിന്നീട് 'അടിയോരുടെ പെരുമൻ' എന്ന് അറിയപ്പെട്ടു. തിരുനെല്ലിക്കാട്ടിൽ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കാൻ സ്വപ്നം കണ്ട് നടക്കുന്നതിനിടെ തിരുനെല്ലിക്കാട്ടിൽ പൊലീസുകാർ വെടിവച്ച് കൊന്നു. വർഗ്ഗീസിനൊപ്പം നിന്നവർ ഇന്ന് പലവഴിക്കായി ചിതറി. വർഗ്ഗീസ് ഉയർത്തിയ മുദ്രാവാക്യം ഈ മണ്ണിൽ പുലർന്ന് കണ്ടില്ലെങ്കിലും ആ ആശയം മനസിൽ സ്വപ്നം കണ്ട് കുന്നേൽ കൃഷ്ണൻ എങ്ങും പോകാതെ ഇന്നും കഴിയുന്നു. വർഗ്ഗീസിനൊപ്പം നിന്നവരിൽ വയനാട്ടിലെ അവസാനത്തെ കണ്ണിയാണ് തുവെള്ള വസ്ത്ര ധാരിയായ ഈ കറുത്ത മനുഷ്യൻ. കേരളത്തിൽ നക്സൽ ബാരിയുടെ വിളികേട്ട് സായുധ സജ്ജരായ വിപ്ലവകാരികൾക്കിടയിലെ കാരണവ സ്ഥാനീയനാണ് കുന്നേൽ കൃഷ്ണൻ. ഇത്രയും കാലം എന്തെല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു. ഇനി വയ്യ. വിശ്രമം വേണം. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (റെഡ് ഫ്ളാഗ് ) സംസ്ഥാന നേതാവായ ഇദ്ദേഹം പാർട്ടിയിൽ നിന്ന് റിട്ടയർമെന്റ് ആവശ്യപ്പെട്ടു. സജീവ രാഷ്ട്രീയം വിട്ടു.

മാനന്തവാടി ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ്. വർഗ്ഗീസിനെ കുന്നേൽ കൃഷ്ണൻ കാണുന്നതും പരിചയപ്പെടുന്നത്.

കെ.എസ്.എഫിന്റെ സജീവ പ്രവർത്തകരായിരുന്നു ഇവർ.

പത്താം തരം പാസ്സായ ശേഷം കോഴിക്കോട് ദേവഗിരി കോളേജിലേക്ക്. വിജയിക്കാൻ കഴിഞ്ഞില്ല. വർഗ്ഗീസിന്റെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് തന്നെ മെക്കാനിൽ കോഴ്സിന് ചേർന്നു. പിന്നെ ജോലിയുമായി ബന്ധപ്പെട്ട് ഡൽഹി ഹരിയാന ബോർഡറിലേക്ക്. 250 രൂപ ശമ്പളത്തിൽ അഞ്ച് വർഷം അവിടെ ജോലി ചെയ്തു. കത്തുകളിലൂടെ വർഗ്ഗീസുമായി അടുത്ത ബന്ധം അപ്പോഴും തുടർന്നു. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു വർഗ്ഗീസ്. പിന്നീട് വയനാട്ടിൽ വന്ന് ആദിവാസികളെ സംഘടിപ്പിക്കാൻ സി.പി.എം നിയന്ത്രണത്തിലുള്ള കർഷക സംഘത്തിൽ ചേർന്ന് വർഗ്ഗീസ് പ്രവർത്തിച്ചു. ആശയപരമായി വിയോജിപ്പ് ഉണ്ടായപ്പോഴാണ് വർഗ്ഗീസ് നക്സലാകുന്നത്. കുന്നേൽ കൃഷ്ണനും ആ പാത സ്വീകരിച്ചു.

1970ൽ ഫെബ്രുവരി 18ന് വർഗ്ഗീസ് കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് മൂന്നാം നാൾ വയനാട്ടിൽ തിരിച്ചെത്തിയ കുന്നേൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. 1973ൽ കനകത്തെ വിവാഹം കഴിച്ചു.ആ ബന്ധത്തിൽ അഞ്ച് മക്കൾ. 1975 മുതൽ കുന്നേൽ കൃഷ്ണൻ നക്സൽ സംഘടനയിൽ സജീവമായി. 1975ൽ മാനന്തവാടിക്കടുത്ത് ചുണ്ടപ്പൻ നായർ എന്ന ജന്മിയുടെ വീടാക്രമിച്ച് ആയുധങ്ങളും പണവും ശേഖരിച്ചു. ഒന്നാം പ്രതിയായ കുന്നേൽ കൃഷ്ണൻ ഒളിവിൽ പോയി. 1976 ഫെബ്രുവരി 28ന് പാർട്ടി സംസ്ഥാന കമ്മറ്റി പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധങ്ങൾ ശേഖരിക്കുക എന്ന തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. കെ.വേണു, ഒക്കെ പ്രതികളായിരുന്നു. സുൽത്താൻ ബത്തേരിയിൽ വച്ച് അറസ്റ്റിലായി. കക്കയം ക്യാമ്പിൽ അതി ക്രൂര മർദ്ദനം.ആർ.ഇ.സി വിദ്യാർത്ഥിയായിരുന്ന ഈച്ചര വാര്യരുടെ മകൻ രാജനെ ഉരുട്ടി കൊലപ്പെടുത്തിയതിന്റെ രണ്ടാം ദിവസമാണ് ഇവിടെ വച്ച് കൃഷ്ണന് മർദ്ദനം ഏൽക്കേണ്ടി വന്നത്. ക്രൂരമർദനത്താൽ ഇരുകാലുകളുടെയും മസിലുകൾ തകർന്നു. ഇതിനിടെ വസൂരി പിടിപെട്ടത് കൊണ്ട് മർദ്ദനം താത്കാലത്തേക്ക് ഒഴിവായി. ഒരുമാസത്തിന് ശേഷം കോഴിക്കോട് മാലൂർ കുന്നിലെ ക്യാമ്പിലേക്ക് കൊണ്ട് പോയി. അവിടെയും മർദ്ദനം തുടർന്നു. അടിയന്തരാവസ്ഥക്ക് ശേഷം പുറത്തിറങ്ങി. ഉന്മൂലനസിദ്ധാന്തത്തിന്റെ ഭാഗമായി കേണിച്ചിറ മഠത്തിൽ മത്തായിയെ പൊലീസ് കാവലിൽ വധിച്ചു. അബദ്ധത്തിൽ കാൽ വഴുതി വീണ രാജൻ എന്ന സഹപ്രവർത്തകനെ സംഭവസ്ഥലത്തുവച്ച് പൊലീസ് വെടിവച്ച് കൊന്നു. ഈ കേസിലും കൃഷ്ണൻ പ്രധാന പ്രതിയായി. വീണ്ടും ഒളിവിൽ. മതിയായ തെളിവില്ലാത്തതിനെ തുടർന്ന് സെഷൻസൂം ഹൈക്കോടതിയും കേസ് തള്ളി. വർഗ്ഗീസ് തീർത്ത പാതയിലൂടെ സഞ്ചരിച്ച കുന്നേൽ കൃഷ്ണൻ ഇതുവരെ വ്യതിചലിച്ചില്ല. ആശയം ആർക്കും പണയവും വച്ചില്ല. ജീവിത യാത്രയിൽ ക്യാൻസറും ബാധിച്ചു. ഇനി വയ്യ. പണ്ട് അച്ഛൻ കറുമ്പൻ വാങ്ങിയ ആ നൂറേക്കർ ഭൂമി ഇന്നില്ല. കടം കയറിയപ്പോൾ വലിയൊരു ശതമാനം ഭൂമി വിറ്റു. ഇനി ഉള്ള കുറച്ച് ഭൂമികൾ അഞ്ച് മക്കൾക്കായി വീതിക്കണം. ഇന്ന് ചെങ്കൊടി പിടിക്കുന്നവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്നാണ് കുന്നേൽ കൃഷ്ണന്റെ പക്ഷം.