
ഗൂഡല്ലൂർ (തമിഴ്നാട്): അങ്കണവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന മൂന്ന് വയസുകാരി നാൻസിയെ കൊന്ന പുലിയെ മയക്കു വെടിവച്ച് പിടി കൂടി. നാൻസിയടക്കം രണ്ടു പേരെ പുലി കൊന്നിരുന്നു. നിരവധി പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
തുറപ്പള്ളി വനമേഖലയിൽ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് തുറപ്പള്ളി ചെക്ക് പോസ്റ്റിന് സമീപം പുലിയെയും കയറ്റിവന്ന വാഹനം ജനങ്ങൾ തടഞ്ഞു. ഉന്നത വനപാലകരെത്തി പുലിയെ ചെന്നൈയിലെ വണ്ടല്ലൂർ വനമേഖലയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഉറപ്പ് നൽകി.തുടർന്ന് വാഹനം കടത്തിവിട്ടു.
ശനിയാഴ്ച വൈകുന്നേരമാണ് നീലഗിരി പന്തല്ലൂർ തൊണ്ടിയാളത്ത് വച്ച് കുട്ടിയെ പുലി ആക്രമിച്ചത്. അമ്മ ഒച്ച വച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് പോയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. മാങ്കോറഞ്ച് എസ്റ്റേറ്റിലെ തൊഴിലാളികളും ജാർഖണ്ഡ് സ്വദേശികളുമായ ശിവശങ്കർ ഗുരുവയുടെയും മിലാന്തി ദേവിയുടെയും മകളാണ് നാൻസി.
രോഷാകുലരായ പ്രദേശവാസികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബത്തേരി - ഗൂഡല്ലൂർ അന്തർ സംസ്ഥാന പാത അടക്കം ഉപരോധിച്ചു.
നാൻസിയെ ആക്രമിച്ചതിന് രണ്ട് ദിവസം മുമ്പ് കൊളപ്പള്ളിയിൽ സേവ്യാർ മഠത്തിൽ കീർത്തന എന്ന നാല് വയസുകാരിയെ വീട്ടുമുറ്റത്ത് കയറി ആക്രമിച്ചിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് മൂന്ന് സ്ത്രീകളെ ആക്രമിച്ചു. പരിക്കേറ്റ ഒരു സ്ത്രീ മരിച്ചു.
രക്ഷിതാക്കൾക്ക് 10 ലക്ഷം
നാൻസിയുടെ രക്ഷിതാക്കൾക്ക് 10 ലക്ഷം രൂപ നൽകാൻ മുഖ്യന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. സാധാരണ വന്യമൃഗങ്ങൾ മൂലം മനുഷ്യർക്ക് ജീവഹാനി സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത് .ഇതേതുടർന്ന് സമരങ്ങൾ താൽക്കാലികമായി നിറുത്തി വച്ചു. പോസ്റ്റ് മോർട്ടം നടത്തിയ കുട്ടിയുടെ മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.