d

വയനാട്ടിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പോര്, ദിനം പ്രതി വർദ്ധിച്ചുവരുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കാടേത് നാടേത് എന്ന് തിരിച്ചറിയാനാവാത്ത സ്ഥിതി. നാടും കാടും തമ്മിൽ വേർതിരിക്കാൻ കഴിയുന്നില്ല. മനുഷ്യജീവന് പുല്ല് വില. ഒരാളെ കൊന്നാൽ രക്ഷപ്പെടാൻ പഴുതുണ്ട്. ഒരു മൃഗത്തെ കൊന്നാൽ പെട്ടത് തന്നെ. വീടിന് പുറത്തിറങ്ങിയാൽ ജീവനോടെ തിരിച്ചെത്തുമെന്നുറപ്പില്ല.

പുല്ലരിയാൻ പോയ ക്ഷീര കർഷകനായ പ്രജീഷിനെ കൂടല്ലൂരിൽ കടുവ ആക്രമിച്ച് കൊന്നു. വയനാടുമായി സംസ്ഥാന അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ പന്തല്ലൂരിൽ അങ്കണവാടിയിൽ നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് പോയ മൂന്ന് വയസുകാരി നാൻസിയെ പുലി കൊന്നു. ഇതേ പുലി മറ്റ് രണ്ട് പേരെക്കൂടി കൊലപ്പെടുത്തി. നിരവധി പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

കഴിഞ്ഞ 43 വർഷത്തിനിടെ 151 ആളുകളെ വന്യ മൃഗങ്ങൾ കൊന്നു. ഇതിൽ ഏഴ് പേർ കൊലപ്പെട്ടത് കടുവയുടെ ആക്രമണത്തിൽ. കൊല്ലപ്പെട്ടവരിൽ 86 പേരും തിരുനെല്ലി പഞ്ചായത്തിൽ നിന്നുള്ളവരാണ്. 250ലധികം പേർക്ക് ഗുരുതര പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചു. ഇതിന് കാരണം വയനാട്ടിലെ 864 ചതുരശ്ര കിലോമീറ്റർ വരുന്ന വനമേഖലയിലെ തേക്കിൻ തോട്ടങ്ങളാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർന്നു. വംശവർദ്ധന വന്യമൃഗ ശല്യത്തിന് ആക്കം കൂട്ടി. 2014ൽ 744 ആനകളും 2666 കാട്ടു പോത്തുകളും ഉള്ളതായാണ് കണക്ക്. എന്നാൽ 2020 ആകുമ്പോഴേക്കും ആയിരത്തിന് മുകളിൽ ആനകളും 3500 കാട്ടുപോത്തുകളും വർദ്ധിച്ചു. വയനാട്ടിൽ മാത്രം 300ലധികം കടുവകളുണ്ട്. നിലവിലെ വനത്തിൽ ഇത്രയധികം മൃഗങ്ങളെ ഉൾക്കൊള്ളാൻ ആവില്ല.

വേനൽക്കാലത്ത് തമിഴ്നാട് കർണാടക വനത്തിൽ നിന്ന് കൂട്ടത്തോടെ ധാരാളം മൃഗങ്ങളാണ് നാട്ടിലേക്ക്

ഇറങ്ങുന്നത്. തേക്ക്, യൂക്കാലി തോട്ടങ്ങളിൽ പുല്ലോ ചെടികളോ കിളിർക്കില്ല. വനത്തിനകത്തെ ചതുപ്പുകളും ജല സ്രോതസ്സുകളം വറ്റി വരളും. സെന്ന ഉൾപെടെയുള്ള അധിനിവേശ സസ്യങ്ങളുടെ വ്യാപനം വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമായി.

ജൂലായ് മുതൽ ഡിസംബർ ജനുവരി വരെയാണ് കടുവകളുടെ ഇണ ചേരൽ സമയം. ആ സമയം സ്വന്തം ടെറിട്ടറിവിട്ട് പുറത്തിറങ്ങുന്ന കടുവകൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കും. പ്രായം ചെന്നതും പരിക്കേൽക്കുന്നതുമാണ് പ്രശ്നക്കാർ. കാട്ടിൽ ഇരതേടാൻ കഴിയാതെ ഇവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കും. പിടിക്കപ്പെട്ട കടുവകളിൽ ഭൂരിപക്ഷവും പരിക്കേറ്റതോ ഇര തേടാൻ കഴിയാത്തതോ ആണ്.

പരിഹാരം

കാട് വിട്ട് പുറത്തിറങ്ങുന്ന കടുവകളെ മയക്കു വെടിവച്ച് പിടിച്ച് കാട്ടിനുള്ളിൽ തന്നെ ഓപ്പൺ ടെറിട്ടറിയുണ്ടാക്കി സംരക്ഷിക്കണം. ഓപ്പൺ സൂ ആക്കിയാൽ വരുമാനവും ടൂറിസത്തിന് ആകർഷകവുമാക്കാം. പ്രതിരോധ സംവിധാനങ്ങൾക്ക് കർണാടകയെ മാതൃകയാക്കണം. നഷ്ടപരിഹാരം കർഷകരുമായി ചർച്ച് ചെയ്ത് തീരുമാനിക്കണം. അത് യഥാസമയം നൽകണം. ജനങ്ങളേയും കൃഷിയേയും സർക്കാർ തലത്തിൽ ഇൻഷുർ ചെയ്യണം. നാഷണൽ പാർക്ക്, കടുവസങ്കേതം, വന്യമൃഗസങ്കേതം ഇതിനെല്ലാം പ്രത്യേകമായ കേന്ദ്ര സർക്കാർ വിഹിതമുണ്ട്. വന മേഖല കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സമാനാധികരം ഉള്ള കൺകരണ്ട് ലിസ്റ്റിലാണ് ഉള്ളത്. ആ അധികാരത്തിലാണ് കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവിറക്കിയത്. തേക്കുകൾ മുറിച്ചു മാറ്റി സ്വാഭാവിക വനമാക്കണം. വനത്തിനുള്ളിൽ തടയണകൾ വേണം. നാടും കാടും വേർതിരിക്കാൻ മതിൽ, ഫെൻസിംഗ് വേണം. ഫണ്ട് തേക്ക് വെട്ടിവിറ്റ് സ്വരൂപിക്കണം.

അതേസമയം, അശാസ്ത്രീയ പ്രവർത്തനമാണ് വനംവകുപ്പ് നടത്തുന്നത്. തേക്ക്, യൂക്കാലിപറ്റ്സ് തുടങ്ങിയവ വനത്തിൽ തോട്ടങ്ങളായി വച്ച് പിടിപ്പിക്കുന്നു. സ്വാഭാവിക വനം, വനംവകുപ്പ് തന്നെ നശിപ്പിച്ചു. വയനാട്ടിൽ വൻ തോതിൽ സ്വകാര്യ വ്യക്തികൾ തോട്ടം വിലക്ക് വാങ്ങുന്നു. കാട് മൂടിക്കിടക്കുന്ന ഇത്തരം തോട്ടങ്ങൾ വനത്തേക്കാൾ വലിയ 'വനഭൂമി'യായി മാറി. വന്യമൃഗങ്ങൾ ഇവിടെ താവളമടിക്കുന്നു.പല കടുവകളെയും പിടികൂടിയത് കാട് മൂടിയ സ്വകാര്യ തോട്ടങ്ങളിൽ വച്ച്. വൻ കിട തോട്ടങ്ങളെ സംബന്ധിച്ച് സർക്കാർ അടിയന്തര തീരുമാനം കൈക്കൊള്ളണം.