പുൽപ്പള്ളി: കടുവാ ഭീതിയിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല. ഒരാഴ്ച മുമ്പ് പാടിച്ചിറയിൽ കണ്ട കടുവാക്കുട്ടികളെ കഴിഞ്ഞ ദിവസം ശശിമലയിൽ കണ്ടതോടെയാണ് ആളുകൾ ഭീതിയിലായിരിക്കുന്നത്. കടുവയെ കണ്ടെത്തുന്നതിനായി ശശിമലയിലെ തോട്ടങ്ങളിൽ വനപാലകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി.
ദിവസങ്ങൾക്ക് മുമ്പ് പാടിച്ചിറ ചൂനാട്ട് കവലയിൽ കടുവയെയും 2 കുട്ടികളെയും നിരവധി പേർ കണ്ടിരുന്നു. യാത്രക്കിടെ റോഡിന് കുറുകെ ഇവ പോകുന്നതായാണ് കണ്ടത്. തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും എട്ട് ഇടങ്ങളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്യാമറയിൽ കടുവകളുടെ സാന്നിദ്ധ്യം പതിഞ്ഞില്ല. ഇതിനിടെയാണ് ശശിമലയിൽ കടുവാകുഞ്ഞുങ്ങളെ കെ.എസ് ഇ.ബി ജീവനക്കാർ കണ്ടത്. വ്യാഴാഴ്ച വൈകിട്ടും വെള്ളിയാഴ്ച രാവിലെയുമായി ഫോറസ്റ്റർ മണികണ്ഠന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. കാട്മൂടി കിടക്കുന്ന തോട്ടങ്ങൾ ഇവിടെ ഏറെയുണ്ട്. കടുവയെ നിരീക്ഷിക്കുന്നതിനായി വരും ദിവസം ക്യാമറ സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇവിടെ നിന്നും ഏറെ അകലെയല്ല കേരള കർണാടക വനങ്ങൾ. ഇവിടെ നിന്നാവാം കടുവകൾ നാട്ടിലേക്കിറങ്ങുന്നതെന്നാണ് നിഗമനം.