പുൽപ്പള്ളി:വിളവെളുപ്പ് സീസൺ ആരംഭിക്കാനിരിക്കെ മാർക്കറ്റിൽ കുരുമുളക് വില ഉയരുമെന്ന പ്രതീക്ഷയിൽ വയനാട്ടിലെ കർഷകർ. സംസ്ഥാനത്ത് കുരുമുളക് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വയനാട്ടിൽ കുരുമുളക് കൃഷിയുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നത് കർഷകരെ തളർത്തുകയാണ്. ഈ മാസം അവസാനത്തോടെ ജില്ലയിൽ കുരുമുളക് പറിക്കാൻ സമയമാകും. ഫെബ്രുവരി അവസാനം വരെ ഇത് നീണ്ടുനിൽക്കും. കിന്റലിന് 60,000 രൂപയ്ക്ക് അടുത്താണ് ഇപ്പോഴത്തെ വില. ന്യായമായ വിലയാണ് ഉള്ളതെങ്കിലും ഉത്പാദനക്കുറവ് മൂലം കാര്യമായനേട്ടങ്ങൾ കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയാണ്.
2 പതിറ്റാണ്ട് മുമ്പ് വരെ ജില്ലയിൽ കുരുമുളകിന്റെ പ്രതാപ കാലമായിരുന്നു. കിന്റൽ കണക്കിന് മുളകാണ് ഓരോ തോട്ടങ്ങലിൽ നിന്നും പറിച്ചെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഭൂരിഭാഗം തോട്ടങ്ങളിലും കൃഷി ഇല്ലാതായി. ഇടക്കാലത്തുണ്ടായ വിലയിടിവും രോഗകീടബാധകളും കർഷകരെ ഈ കൃഷിയിൽ നിന്നും പിന്നോട്ടടുപ്പിച്ചു. സർക്കാർ ഭാഗത്ത് നിന്നുള്ള സഹായങ്ങളും കഴിഞ്ഞ കുറേ നാളുകളായില്ല. മുമ്പെല്ലാം എല്ലാ ടൗണുകളിലും കുരുമുളക് എടുക്കുന്ന കടകൾ ധാരാളമായുണ്ടായിരുന്നു. അവയുടെ എണ്ണവും കുറഞ്ഞു. അത്യുത്പാദനശേഷിയുള്ള കുരുമുളക് ഇനങ്ങൾ നട്ടുപിടിപ്പിച്ചെങ്കിലും അവയും പലതരംരോഗങ്ങൾ ബാധിച്ച് നശിച്ചു. കുരുമുളക് പുനർകൃഷിക്കായുള്ള പദ്ധതികൾ ഇന്നും ഫലം കണ്ടിട്ടില്ല. കോടിക്കണക്കിന് രൂപയുടെ പാക്കേജുകൾ നടപ്പാക്കിയിരുന്നു. എന്നിട്ടും കൃഷി പിടിച്ചു നിർത്താൻ കർഷകർക്ക് സാധിച്ചില്ല. താങ്ങുകാലുകൾക്കുണ്ടായരോഗവും കർഷകർക്ക് തിരിച്ചടിയായി. കുരുമുള്ക് കൃഷിയുടെ പ്രതാപം ഇനി തിരിച്ചുവരില്ലെന്ന ചിന്താഗതിയിലാണ് കർഷകർ.