vd
യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വിചാരണ സദസ് സുൽത്താൻ ബത്തേരിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ: മ്യൂസിയത്തിൽ വയ്ക്കേണ്ടത് നവകേരള ബസല്ല, അതിൽ സഞ്ചരിച്ചവരെയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കൽപ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി കൽപ്പറ്റയിൽ നടത്തിയ കുറ്റ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇടതുഭരണത്തിൽ കേരളത്തിലെ സർവമേഖലകളും തകർന്നിരിക്കുകയാണ്. ഖജനാവ് താഴിട്ടുപൂട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനിറങ്ങിയത്. ഒരു രൂപ ചെലവാക്കാനില്ലാത്ത വിധത്തിൽ സർക്കാർ സംസ്ഥാനത്തെ കാലിയാക്കിയെന്നും സതീശൻ പറഞ്ഞു.

തോക്കുകൾക്കിടയിലൂടെ നടന്നുവെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി ഇന്ന് 2500പൊലീസുകാർക്കിടയിൽ നിന്ന് ജനങ്ങളെ വിരട്ടുകയാണ്. കഴിഞ്ഞ ദിവസം എം.ടി പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും, പെൻഷൻകാർക്ക് പെൻഷനും ലഭിക്കുന്നില്ല. സിവിൽ സപ്ലൈസ് സംവിധാനം തന്നെ തകർന്നിരിക്കുകയാണ്. സബ്സിഡി സാധനങ്ങൾ കിട്ടാക്കനിയാണ്. സപ്ലൈക്കോയ്ക്ക് നൽകാനുള്ളത് നാലായിരംകോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ടി.ഹംസ അദ്ധ്യക്ഷനായിരുന്നു. മുസ്ലിംലീഗ്‌ നേതാവ് കെ.എൻ.എ ഖാദർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, പി.പി ആലി, കെ.എൽ പൗലോസ്, കെ.കെ വിശ്വനാഥൻ, റസാഖ് കൽപ്പറ്റ,. സലീംമേമന,ജോസ് തലച്ചിറ, എം സി സെബാസ്റ്റ്യൻ, പ്രവീൺ തങ്കപ്പൻ, ബി സുരേഷ്ബാബു, പോൾസൺ കൂവക്കൽ, ഒ.വി അപ്പച്ചൻ, കെ.വി പോക്കർഹാജി, അഡ്വ. ടി.ജെ ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.

സുൽത്താൻ ബത്തേരി : ഇംഎംഎസ് മുതൽ ഉമ്മൻ ചാണ്ടിവരെയുള്ള കേരളത്തിലെ മുഖ്യമന്ത്രിമാർ ജനങ്ങളുടെ ഇടയിലാണ് നിന്നതെങ്കിൽ പിണറായി വിജയൻ ജനങ്ങളെ ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. മൂന്ന് പേർ കരിങ്കൊടി കാണിച്ചാൽ അയ്യോ എന്നെ കൊല്ലാൻ വരുന്നേ എന്ന് പറഞ്ഞ് പൊലീസിനെ ചുറ്റും കൂട്ടിനടക്കുന്ന ഭീരുവാണ് മുഖ്യമന്ത്രി. യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന വിചാരണസദസ് സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു
പിണറായി സർക്കാരിന്റെ ഭരണത്തിൽ ഇവിടുത്തെ സിപിഎമ്മുകാരും മടുത്തിരിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പ് വന്നാൽ ഇവർ കോൺഗ്രസിനായിരിക്കും വോട്ട് ചെയ്യുക. അത് കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന ആഗ്രഹം കൊണ്ടല്ല. മറിച്ച് പിണറായി വിജയൻ ഇനി കേരളത്തിന്റെ മണ്ണിൽ കാല് കുത്തരുതെന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.പി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.എൻ.എ.ഖാദർ,എം.എൽ.എ മാരായ അഡ്വ.ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ്, കെ.കെ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.