താളൂർ: നീലഗിരി കോളേജ് കാമ്പസിൽ നടന്ന നീലഗിരി എഡ്യൂ സമ്മിറ്റ് സമാപിച്ചു. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായി.
'കാലത്തിനൊത്ത് മാറുന്നതാവണം വിദ്യാഭ്യാസം' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം വിദ്യാർത്ഥികളോട് സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. നൂതനവും വ്യത്യസ്തവും ക്രിയാത്മകവുമായ ആലോചനകളിലും സംവാദങ്ങളിലും ഇന്നത്തെ കാമ്പസുകൾ സജീവമാവണമെണെന്ന് അദ്ദേഹം പറഞ്ഞു. എന്തു പഠിക്കണം എന്നതിനപ്പുറം എങ്ങനെ പഠിക്കണം എന്നതാണു ഇന്നത്തെ അദ്ധ്യാപകർ കുട്ടികൾക്ക് പകർന്ന് നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികൾ രാജ്യത്ത് ഉണ്ടാക്കുന്ന ക്രിയാത്മകമായ മുന്നേറ്റങ്ങൾ പ്രതീക്ഷാവഹമാണ്. രാജ്യത്തിന്റെ ശരിയായ മുന്നേറ്റം സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി കൃത്യമായി വിനിയോഗിക്കുന്നതിലാണെന്ന് ശശി തരൂർ പറഞ്ഞു. നീലഗിരികോളേജിനു ലഭിച്ച നാക് A ++ അംഗീകാര പത്രം ഔദ്യോഗികമായി അദ്ദേഹം പ്രകാശനം ചെയ്തു . ചുരുങ്ങിയ കാലം കൊണ്ട് നീലഗിരി കോളേജ് കൈവരിച്ച നേട്ടങ്ങൾ അദ്ഭുതകരമാണെന്നും വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ മാറ്റങ്ങൾക്കായി കോളേജ് നടപ്പിലാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്നും തരൂർ കൂട്ടിച്ചേർത്തു .
മാനേജിംഗ് ഡയറക്ടർ റാശിദ് ഗസ്സാലി സമ്മിറ്റ് തീം അവതരിപ്പിച്ചു. അക്കാഡമിക് ഡീൻ പ്രൊഫ. ടി. മോഹൻ ബാബു സ്വാഗതവും പ്രിൻസിപ്പൽ ഡോ. ജി. സെന്തിൽ കുമാർ നന്ദിയും പറഞ്ഞു. നീലഗിരി കോളേജിലെയും സമീപസ്ഥാപനങ്ങളിലെയും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.