kollagal
സുൽത്താൻ ബത്തേരി- കൊല്ലഗ​​​​​​​ൽ ദേശീയപാത

കൽപ്പറ്റ: കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ലെ ബന്ദിപുർ വനമേഖലയിലെ രാത്രി യാത്രാ നിരോധനകേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ്‌ കേസ് പരിഗണിക്കുന്നത്. 2009 ജൂലൈ 29 നാണ് സാമ്രാജ് നഗർ ജില്ലാ കളക്ടർ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.അതേ സമയം രാത്രി യാത്രാ നിരോധനം ഒഴിവാക്കാൻ കർണാടക സർക്കാറിലും കേന്ദ്രസർക്കാറിലും ശക്തമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ഇതിനിടയിലാണ് കേസ് ഇന്ന്‌ പരിഗണിക്കുന്നത്. കോടതിയിലെ ചെറിയ പരാമർശം പോലും വലിയ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നതാകും. മേൽപ്പാലമോ, ടണലോ നിർമ്മിച്ച് നിരോധനം ഒഴിവാക്കണമെന്നതാണ്‌ കേരളത്തിന്റെ ആവശ്യം. കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി എൻ.എച്ച് 766 ന് ബദലായി സുപ്രീംകോടതിയിൽ ഉയരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 109 കിലോമീറ്റർ ദൈർഘ്യമുള്ള മലപ്പുറം കുട്ട സാമ്പത്തിക ഇടനാഴിക്കായി 7,123കോടി രൂപയാണ്‌ കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.

ബന്ദിപുരിലെ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് ബദലായി പുതിയ പാത തുറക്കുന്നതിനെ സംബന്ധിച്ച നിലപാട് അറിയിക്കാൻ 2019ൽകേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാന അതിർത്തി മൂലഹള്ള മുതൽ മഥൂർവരെയുള്ള 19 കീലോമീറ്റർ ദൂരമാണ് കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്രനിരോധനം നിലനിൽക്കുന്നത്. രാത്രി 9 മുതൽ പുലർച്ചെ ആറു വരെ സ്വകാര്യ വാഹനങ്ങൾക്കോ സർക്കാർ വാഹനങ്ങൾക്കോ നിലവിൽ പ്രവേശനമില്ല. തുടക്കത്തിൽ വയനാട്ടിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു.