സുൽത്താൻ ബത്തേരി : കോളിയാടിയിലെ വയലേലകളെ സമൃദ്ധമാക്കിയ കോവിലകം ചിറയ്ക്ക് നവീകരിച്ചതിന് ശേഷവും ശാപമോക്ഷം കിട്ടിയില്ല. നെന്മേനി പഞ്ചായത്തിലെ കോളിയാടി ടൗണിനോട് ചേർന്ന് കിടക്കുന്നതാണ് കോവിലകം ചിറ. പഞ്ചായത്തിലെ പുഞ്ചവയൽ, നൊച്ചംവയൽ, കൊന്നംമ്പറ്റ, കോവിലകം, അകമ്പടികുന്ന് പാടശേഖരങ്ങളിലെ അഞ്ഞൂറേക്കറോളം വരുന്ന വയലുകളിൽ വെള്ളമെത്തിക്കുകയും കുടിവെള്ളത്തിനായി ഉപയോഗിക്കുകയും ചെയ്തുവന്ന ചിറയാണ് ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുന്നത്.
മൂന്ന് ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടന്നതാണ് ചിറ. കൃഷിക്കും കുടിവെള്ളത്തിനും മറ്റുമായി ഉപയോഗിച്ചുവന്ന ചിറയിലെ വെള്ളം കൃഷി കുറഞ്ഞതോടെ ഉപയോഗിക്കാതെ വന്നു. ഇതോടെ ചിറയും പരിസരവും കാട് മൂടിയും മണ്ണിടിഞ്ഞും നശിച്ചു. അതിനിടെ ഫുഡ് ഫോർ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ വിപുലികരണം ആരംഭിച്ചു. പിന്നീട് മൈനർ ഇറിഗേഷൻ വകുപ്പ് 1. 3 കോടി രൂപ ചിലവിൽ ചിറ നവീകരിച്ചു.ചിറ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനായി പഞ്ചായത്ത് സർക്കാരിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
സൗന്ദര്യവത്ക്കരണത്തിന് വേണ്ട പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തുകയും ചെയ്തു. ചിറക്ക് ചുറ്റും കമ്പിവേലി കെട്ടുകയും നടപ്പാതകൾ ഇന്റർ ലോക്ക് പാകിയുമായിരുന്നു നവീകരണം. ചിറയിൽ ആളുകൾ ഇറങ്ങുന്നത് സുരക്ഷ ഭീഷണിയാണെന്ന് പറഞ്ഞ് ചിറയിലേക്കുള്ള പ്രവേശനം പഞ്ചായത്ത് വേലികെട്ടി അടച്ചു.
ജലവിഭവ വകുപ്പ് ചിറ നവീകരിച്ചതോടെ കുടിവെള്ളത്തിനും കൃഷിക്കും വെള്ളം ഉപയോഗിക്കാൻ കഴിയുകയും ചെയ്യും. ചിറയും പരിസരവും സൗന്ദര്യവൽക്കരണം നടത്തി ടൂറിസം കേന്ദ്രമാക്കാനുള്ള നീക്കമാണ് പഞ്ചായത്തും നടത്തിവരുന്നത്. ചിറയിൽ ബോട്ട് സർവ്വീസ് ഉൾപ്പെടെയുള്ളവ നടപ്പാക്കാനാണ് നീക്കം. ചിറയുടെ സൗന്ദര്യമാസ്വദിക്കാനും സായാഹ്നങ്ങൾ ഇവിടെ ചിലവഴിക്കാനും പറ്റുന്ന തരത്തിൽ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .