tiru
tirunelli

തിരുനെല്ലി: പിതൃതർപ്പണത്തിനു ഏറെ പ്രാധാന്യമുളള തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമം തിരിച്ചറിയണമെന്ന് ദേവസ്വം, ചുറ്റമ്പല നിർമാണക്കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികൾക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കാലാകാലങ്ങളായി ക്ഷേത്രത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. വികസനപ്രവർത്തനങ്ങളെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മറ്റും അപകീർത്തിപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മുമ്പ് പുല്ലുമേഞ്ഞ ക്ഷേത്രം ഘട്ടംഘട്ടമായ വികസനത്തിലൂടെയാണ് ഇന്നത്തെ അവസ്ഥയിലെത്തിയത്. മലബാർ ദേവസ്വം ബോർഡിന്റെ എല്ലാ നിയമങ്ങളും പാലിച്ച് തച്ചുശാസ്ത്രവിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെയും തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെയും നിർദേശത്തോടെയാണ് എല്ലാ പ്രവൃത്തികളും നടത്തുന്നത്. ശ്രീകോവിൽ പുനരുദ്ധരിച്ച് 2011ൽ കലശം നടത്തിയിരുന്നു.

രണ്ടാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. പൂർണമായും ശിലയിൽ കൊത്തുപണികളോടെയും മേൽത്തരം തേക്കുമരം ഉപയോഗിച്ചും മേൽക്കൂര തേക്കിന്റെ പോർപ്പലക അടിച്ച് ചെമ്പ് ഷീറ്റടിക്കുകയാണ് ചെയ്യുന്നത്. ജീർണാവസ്ഥയിലും പൊളിഞ്ഞ് വീഴാറായതുമായ ചുറ്റമ്പലത്തിന്റെയും പ്രവൃത്തി നടന്നുവരുന്നുണ്ട്. ക്ഷേത്രത്തിന്റെ പൗരാണികത നശിപ്പിച്ച് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നെന്നാണ് ആക്ഷേപം. ഇത് ശരിയല്ല. നിർമാണപ്രവൃത്തികൾക്കെതിരെ ചിലർ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിട്ടുണ്ടെങ്കിലും ദേവസ്വം ഇതിന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ഭക്തജനങ്ങളിൽനിന്നുള്ള സംഭാവനയാലും ക്ഷേത്രഫണ്ട് ഉപയോഗിച്ചുമാണ് ചുറ്റമ്പല പ്രവൃത്തി നടത്തുന്നത്. ക്ഷേത്ര ചുറ്റമ്പലത്തിന് മുന്നിലുള്ള വിളക്കുമാടത്തിന്റെ കരിങ്കല്ലുകൾ ഇളകിവീഴുന്ന നിലയിൽ അപകടരീതിയിലാണുള്ളത്. സ്വർണപ്രശ്നവിധി പ്രകാരം വിളക്കുമാടം പുതുക്കിപ്പണിയേണ്ടതുണ്ട്.
ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്ക് പാപനാശിനിയിലേക്കുള്ള യാത്ര ദുർഘടമായിരുന്നു.

വന്യമൃഗശല്യമുള്ള ഈ ഭാഗത്ത് സർക്കാർ സഹായത്തോടെ അടുത്തിടെ നടപ്പാത നവീകരിക്കുകയും ഈറൻ മാറാനുള്ള ഫെസിലിറ്റേഷൻ നിർമിക്കുകയും ചെയ്തിരുന്നു. ഈ കേന്ദ്രം ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ഏറെ ആശ്വാസമാണ്. ഫെസിലിറ്റേഷൻ സെന്റർ കക്കൂസാണ് എന്നരീതിയിലും ഇവിടെയുള്ള കക്കൂസ് മാലിന്യങ്ങൾ പാപനാശിനിയിൽ ഒഴുക്കുന്നു എന്ന രീതിയിലും പ്രചാരണം നടത്തുന്നുണ്ട്. നിലവിലുള്ള പഞ്ചതീർത്ഥക്കുളത്തിനു യാതൊരു കോട്ടവും തട്ടാത്ത രീതിയിലാണ് ഫെസിലിറ്റേഷൻ സെന്റർ നിർമിച്ചതും പാപനാശിനിയിലേക്കുള്ള നടപ്പാത നവീകരിച്ചതും. ക്ഷേത്രത്തിനെതിരെ സാമൂഹികമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ ക്ഷേത്രത്തെ തകർക്കുകയെന്ന ലക്ഷ്യംവച്ചുള്ളതാണ്. ഇത് പൊതുജനവും വിശ്വാസികളും തിരിച്ചറിയണമെന്നും അവർ പറഞ്ഞു.

ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ, ചുറ്റമ്പല നിർമാണ കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി, സെക്രട്ടറി കെ. അനന്തൻ നമ്പ്യാർ, വൈസ് പ്രസിഡന്റ് എം. പത്മനാഭൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എൻ. ഹരീന്ദ്രൻ, തച്ചുശാസ്ത്ര വിദഗ്ധൻ ചെറുതാഴം വി.വി. ശങ്കരൻ ആചാരി, കരിങ്കൽശില്പി എ.സദാശിവ ഗുഡികാർ, ദേവസ്വം ബോർഡ് എൻജിനീയർ പി. രാജേഷ്, ക്ഷേത്രജീവനക്കാരുടെ പ്രതിനിധികളായ ടി. സന്തോഷ്‌കുമാർ, ആർ.എം. വിനോദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.