karadi
കോളിയാടി ടൗണിലൂടെ നടന്നുപോകുന്ന കരടിയുടെ സിസിടിവി ദൃശ്യം

സുൽത്താൻ ബത്തേരി : ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പടർത്തി വന്ന കരടി സുൽത്താൻ ബത്തേരിയിലെ കോടതി വളപ്പിലുമെത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ദേശീയപാത 766വഴി ബത്തേരിയിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് കരടി ഗേറ്റ് ചാടിക്കടന്ന് പോകുന്നത് കണ്ടത്.
കോടതി വളപ്പിൽ കടന്ന കരടി പിൻവശത്തുള്ള മതിൽ ചാടി പുറത്തേക്ക് പോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കരടി മാനന്തവാടി മേഖലയിലെത്തിയത്. വള്ളിയൂർക്കാവ്, തോണിച്ചാൽ മേഖലകളിൽ ഭീതിപടർത്തിയശേഷം പനമരത്തെത്തി. ഇവിടെനിന്ന് നെയ്ക്കുപ്പവനത്തിലെ പാതിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കയറ്റിവിട്ടതായാണ് വനപാലകർ പറഞ്ഞത്. നെയ്ക്കുപ്പ വനത്തിൽ കയറ്റിവിട്ട കരടിതന്നെയാണോ ബത്തേരിയിൽ കണ്ടതെന്ന് സംശയിക്കുന്നു.
കോടതി സമുച്ചയത്തിന്റെ മുൻവശത്തെ ഗേറ്റ് വഴി ചാടിക്കടക്കുന്ന കരടിയിടെ ചിത്രം യാത്രക്കാർ മൊബൈലിൽ പകർത്തി പുറത്ത് വിട്ടതോടെയാണ് ബത്തേരിയിൽ കരടിയെത്തിയകാര്യം പുറംലോകമറിയുന്നത് . കോടതി പരിസരത്തെ വൈദ്യുതി വിളക്കും പൊട്ടിക്കിടക്കുന്നുണ്ട് .ഇത് കരടി കയറിയപ്പോൾ സംഭവിച്ചതാണെന്നാണ് സംശയം. കോടതി വളപ്പിൽ നിന്ന് നേരെ പോയത് കോളിയാടി ഭാഗത്തേക്കാണ്. ഇവിടെ അഷ്റഫ് എന്നയാളുടെ കടയിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ കരടി റോഡിലൂടെ പുലർച്ച രണ്ട് മണിയോടെ നടന്ന് പോകുന്ന ദൃശ്യമുണ്ട്.
കോളിയാടിയിൽ നിന്ന് കരടി നേരെ പോയത് നായ്ക്കട്ടി മാതമംഗലം ഭാഗത്തേക്കാണ് . ചിറക്കമ്പം ഭാഗത്തുള്ള ചില സി.സി.ടി.വികളിലും ചിത്രം പതിഞ്ഞിട്ടുണ്ട്. മുത്തങ്ങ ,സുൽത്താൻ ബത്തേരി വന്യ ജീവി സങ്കേതങ്ങളിൽപ്പെട്ട സ്ഥലങ്ങൾക്ക് സമീപമാണ് അവസാനമായി കരടിയുടെ സാന്നിദ്ധ്യം കാണപ്പെട്ടത്. ആർ.ആർ.ടി ടീമും അതാത് മേഖലകളിലെ വനം വകുപ്പ് ജീവനക്കാരും കരടിയെ കണ്ട പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.