സുൽത്താൻ ബത്തേരി : വയനാട്ടിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവയെയും പുലിയെയും കാലതാമസമില്ലാ തെ കൂടുവെച്ച് പിടികൂടുന്നുണ്ടെങ്കിലും ഇവയെ സുരക്ഷിതമായി എവിടെ പാർപ്പിക്കുമെന്നറിയാതെ വട്ടം കറങ്ങുകയാ ണ് വനം വകുപ്പ്. ഭീതിപരത്തുന്നതും പ്രായാധിക്യത്താലും പരിക്കുപറ്റിയും ഇരപിടിക്കാൻ കഴിയാത്തതുമായ കടുവകളെയും പുലികളെയും പിടികൂടി പരിപാലിപാലിക്കാനാണ് കുപ്പാടി പച്ചാടിയിൽ അനിമൽ ഹോസ് പെയ്സ് സെന്റർ സ്ഥാപിച്ചത്. എന്നാൽ ഇവിടുത്തെ സ്ഥലപരിമിതിയിൽ വനംവകുപ്പ് വിയർക്കുകയാണ്.
നാല് കടുവകളെ പരിപാലിക്കാനുള്ള സൗകര്യത്തോടെ ആരംഭിച്ച പാലിയേറ്റീവ് സെന്ററിലിപ്പോൾ ഏഴ് കടുവകളാണുള്ളത്. നാല് കടുവകളെ പാർപ്പിക്കാനുള്ള സെല്ലുകളാണുള്ളത്. തീവ്രപരിചരണം ആവശ്യമായവയ്ക്ക് ചികിത്സ നൽകുന്നതിന് രണ്ട് സ്‌ക്യൂസ് കേജുകളുമുണ്ട്. ഇവിടെയാണ് ഏഴ് കടുവകളെ പാർപ്പിച്ചിരിക്കുന്നത്. ഇവിടേയ്ക്കാണ് എട്ടാമനായി ചൂരിലമലയിൽ നിന്ന് പിടികൂടിയ കടുവയെ എത്തിച്ചിരിക്കുന്നത്.
2022 മാർച്ചിൽ മാനന്തവാടിയിൽ നിന്ന് പിടികൂടിയ നാല് വയസുള്ള ആൺ കടുവയാണ് ഇവിടത്തെ ആദ്യ അന്തേവാസി. പിന്നീട് ഇതേവർഷം ജൂലായിൽ വാകേരിയിൽ നിന്ന് പിടികൂടിയ 14 വയസുള്ള പെൺകടുവ എത്തി. ആഗസ്റ്റിൽ ചീരാലിൽ നിന്ന് പിടികൂടിയ 12 വയസുള്ള ആൺ കടുവ, ഇതേവർഷം നവംബറിൽ കുപ്പമുടിയിൽ നിന്നെത്തിച്ച 11 വയസ്സുള്ള ആൺകടുവ. കഴിഞ്ഞവർഷം ആദ്യമെത്തിയത് മാനനന്തവാടി പുതുശേരിയിൽ തോമസിനെ കൊന്ന പത്ത് വയസുള്ള ആൺകടുവയാണ്. സെപ്തംബറിൽ മൂലങ്കാവ് എറളോട്ടുകുന്നിൽ നിന്ന് പിടികൂടിയ 12 വയസ്സുള്ള പെൺകടുവ, ഇതേമാസം മാനന്തവാടി പനവല്ലിയിൽ നിന്നെത്തിച്ച പത്ത് വയസ്സുള്ള പെൺകടുവയുമാണ് ഇവിടെ ഉള്ളത്.
കഴിഞ്ഞവർഷം മൂടകൊല്ലിയിൽ ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന 13 വയസ്സുള്ള ആൺകടുവയെ ഇവിടെ എത്തിച്ചിരുന്നു. എന്നാൽ സ്ഥലപരിമിതി കാരണം തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അനിമൽ ഹോസ് പെയ്സ് കേന്ദ്രത്തിൽ വനസമാനമായ രീതിയിൽ 25 മീറ്റർ വീതിയിലും നീളത്തിലും 20 അടി ഉയരത്തിലും കമ്പിവേലി സ്ഥാപിച്ച് പുൽമേടുകൾ നിറഞ്ഞതുമായി രണ്ട് പെഡോക്കുകളാണുള്ളത്. നിലവിൽ കേന്ദ്രത്തിലെ 7 കടുവകളെ രണ്ട് മണിക്കൂർ വീതം പെഡോക്കുകളിലേക്ക് വിട്ട് വിശ്രമിക്കാൻ അനുവദിക്കുകയാണ് ചെയ്യുന്ന്. പിന്നീട് സെല്ലുകളിലേക്ക് മാറ്റും. സ്‌ക്യൂസ് കേജിലും കടുവകളുള്ളതിനാൽ പുതുതായി കൊണ്ടുവരുന്ന കടുവയെ പരിചരിക്കാനും പ്രയാസമാണ്. ഇതുകാരണം പുതുതായി ഇവിടേക്ക് കൊണ്ടുവരുന്ന കടുവയെ പിടികൂടിയ കൂട്ടിൽ വെച്ചുതന്നെ പരിചരിക്കേണ്ട അവസ്ഥയാണ്.
അതേസമയം പിടികൂടുന്ന കടുവകളെ പാർപ്പിക്കുന്നതിന് സൗകര്യം വർദ്ധിപ്പിക്കാൻ നടപടികളാരംഭിച്ചതായാണ് അറിയുന്നത്. നിലവിലെ ആനിമൽ ഹോസ് പെയ്സ് സെന്ററിനോട് ചേർന്ന് പുതിയ യൂണിറ്റ് ആരംഭിക്കാനാണ് വന്യജീവി സങ്കേതം മേധാവി റിപ്പോർട്ട് നൽകിയിരിക്കുന്നത്. അഞ്ചു കടുവകളെ കൂടി പാർപ്പിക്കുന്നതിന് ഒരുകോടി നാൽപ്പത് ലക്ഷം രൂപ ചെലവ് വരുമെന്ന റിപ്പോർട്ടാണ് പാലക്കാട് മേഖല സി.സി.എഫിന് നൽകിയിരിക്കുന്നത്.
സ്‌ക്യൂസ് കേജും, പഡോക്കുകളുമടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്.