v

ആലപ്പുഴ: ''സമ്മേളനത്തിൽ വിപ്ലവഗായിക പി.കെ.മേദിനിയുടെ ഗാനങ്ങളുണ്ടാകും'' 1950കളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലഘുലേഖകളിലെ സ്ഥിരം വാചകമായിരുന്നു ഇത്. പതിറ്റാണ്ടുകൾക്കിപ്പുറവും പാർട്ടിയുടെയും മേദിനിയുടെയും ശീലത്തിന് മാറ്റമില്ല. 91ാം വയസ്സിലും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പതിനാല് ജില്ലകളിലും എത്തിച്ചേരണമെന്ന ആഗ്രഹത്തിലാണ് മേദിനി.

'ജീവനുള്ള കാലത്തോളം ഗാനങ്ങളുമായി വേദിയിലെത്തും. എല്ലാ ജില്ലകളിലും എത്തിപ്പെടണമെന്ന് ആഗ്രഹമുണ്ട്. പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്ന തിരുവനന്തപുരം, മുകേഷ് മത്സരിക്കുന്ന കൊല്ലം, തോമസ് ഐസക്കിന്റെ പത്തനംതിട്ട, ആനി രാജ മത്സരിക്കുന്ന വയനാട് എന്നിവിടങ്ങളിൽ എത്തും' മേദിനി ഉറപ്പു പറയുന്നു.

സമരവേദികളിൽ ആദ്യമായി പാടാനെത്തിയപ്പോൾ പ്രായം 12. മൈക്കില്ലാത്ത കാലം. സ്റ്റേജിൽ കയറി ഉറക്കെ പാടണം. ബോണ്ടയും ചക്കരക്കാപ്പിയും സ്നേഹവുമായിരുന്നു പ്രതിഫലം. ' ഇടത് സ്ഥാനാർത്ഥികളാരും പണക്കാരല്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഇത്തരക്കാർ അധികാരത്തിലെത്തണം' മേദിനി പറഞ്ഞു. പ്രായത്തിന്റെ അവശതകൾ ഒരു വശത്തുണ്ടെങ്കിലും പ്രസ്ഥാനത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ, പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണവേദികളിൽ റെഡ് സല്യൂട്ട്, മനസ്സ് നന്നാവട്ടെ തുടങ്ങിയ വിപ്ലവ ഗാനങ്ങൾ മേദിനിയുടെ ശബ്ദത്തിൽ ഉയരും.