ആലപ്പുഴ: ഒരുറേഷൻ കാർഡിൽ ഒരു സ്ത്രീക്ക് മാത്രമേ കുടുംബശ്രീ അംഗമാകാനാകു എന്ന നിബന്ധനയിൽ തട്ടി, ധാരാളം പേർക്ക് പ്രവർത്തിക്കാൻ അവസരം നിഷേധിക്കപ്പെടുന്നുവെന്ന പരാതിക്ക് കൂടി പരിഹാരമെന്ന നിലയിലാണ് ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിച്ചത്. എന്നാൽ,
ജില്ലയിലെ ഒരു വിഭാഗം ഓക്സിലറി ഗ്രൂപ്പുകൾ മികച്ച പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോൾ മറ്റൊരു വിഭാഗം തുടങ്ങിയയിടത്ത് തന്നെ നിൽക്കുന്നുവെന്ന് ആക്ഷേപം.
യോഗങ്ങൾ കൂടുക, പദ്ധതികൾ ആവിഷ്‌ക്കരിക്കുക തുടങ്ങി യാതൊരു പ്രവർത്തികളും ഇത്തരം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്നില്ല. 2022 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ 18നും 40നും മദ്ധ്യേ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തി അതത് വാർഡുകൾ കേന്ദ്രീകരിച്ച് ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്.
# ഓക്‌സിലറി ഗ്രൂപ്പ്
യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതുഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം യുവതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഒരു വാർഡിൽ ഒരു ഗ്രൂപ്പ്. പരമാവധി 50 പേർ അംഗങ്ങൾ. കൂടുതൽ പേരുണ്ടെങ്കിൽ അധിക ഗ്രൂപ്പ്.
# സ്‌തീപ്രശ്നങ്ങളിൽ ഇടപെടൽ
* സ്ത്രീ ശാക്തീകരണം
* സാമ്പത്തിക വികസനം
* സാമൂഹ്യ ഉന്നമനം
* ആത്മവിശ്വാസം വളർത്തൽ
* സുസ്ഥിര ഉപജീവനത്തിന് അവസരം
കുടുംബശ്രീയുടെ ഭാഗമാകണം എന്ന ആഗ്രഹത്തിലാണ് ഓക്സിലറി ഗ്രൂപ്പിൽ അംഗമായത്. രണ്ട് വർഷം മുമ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ യോഗം ചേർന്നതല്ലാതെ പിന്നീട് ഒരു അനക്കമില്ല
- ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, കരുവാറ്റ പഞ്ചായത്ത്
എ.ഡി.എസുകളുടെ കാര്യപ്രാപ്തി ഇല്ലായ്മ കൊണ്ടാവാം ഗ്രൂപ്പ് പ്രവർത്തിക്കാതിരിക്കുന്നത്. ഭൂരിഭാഗം ഓക്സിലറി ഗ്രൂപ്പുകളും മികച്ച പ്രവർത്തനം നടത്തുന്നുണ്ട്
- കുടുംബശ്രീ ഡി.പി.എം