s

ആലപ്പുഴ : അമിത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് ഫാം ഉടമകൾ കോഴി ഉത്പാദനം കുറച്ചപ്പോൾ തമിഴ്നാട് ലോബി പിടിമുറുക്കിയതോടെ ഇറച്ചിക്കോഴി വില ഓരോ ദിവസം ചെല്ലുന്തോറും കുതിച്ചുയരുന്നു. കഴിഞ്ഞ മാസം കിലോയ്ക്ക് 90 രൂപയായിരുന്നു വിലയെങ്കിൽ ഇന്നലെ 150 രൂപയിലെത്തി.

മൊത്തവ്യാപാരികളുടെയും തമിഴ്‌നാട്ടിലെ ഫാം ഉടമകളുടെയും ഒത്തുകളിയാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് പിന്നിലെന്നാണ് ആരോപണം.

ആലപ്പുഴയിൽ മാത്രം ഇറച്ചിക്കോഴികളെ വളർത്തുന്ന 600ഫാമുകളുണ്ടെങ്കിലും ഇപ്പോൾ ഇതിന്റെ പകുതി പോലും പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്തെ ഫാമുകളിൽ കൂടുതലും തമിഴ്നാട് കമ്പനികൾ വാടകയ്ക്കെടുത്ത് കോഴിവളർത്തൽ ആരംഭിച്ചു. കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും കമ്പനിക്കാർ ഫാം ഉടമകൾക്ക് എത്തിച്ചു കൊടുക്കും.

തമിഴ്നാട് ലോബിയുടെ ഒത്തുകളി

 തമിഴ്‌നാട് ലോബിയാണ് ഇപ്പോൾ സംസ്ഥാനത്ത് ഇറച്ചിക്കോഴിവില നിശ്ചയിക്കുന്നത്

 സംസ്ഥാനത്തെ ഫാം ഉടമകൾക്ക് 11 0മുതൽ 115 രൂപയാണ് ഒരു കോഴിക്ക് ലഭിക്കുന്നത്

 ഫാമുകളിൽ നിന്ന് വാങ്ങുന്ന മൊത്തവ്യാപാരികൾ വിലകൂട്ടുമ്പോൾ ചില്ലറവില്പനക്കാരും കൂട്ടും

 കോഴികളുടെ പരിപാലന ചെലവ് വർദ്ധിക്കുന്നത് മുന്നിൽ കണ്ട് ഫാമുകാർ കുഞ്ഞുങ്ങളെ വാങ്ങാതായി

 തീറ്റയുടെ വിലയിൽ അടുത്തകാലത്തുണ്ടായ വർദ്ധനവും കോഴിയുടെ വിലക്കൂടുതലിന് കാരണമായി

കോഴിത്തീറ്റ വിലയും ഉയർന്നു
കഴിഞ്ഞ ഒരുവർഷത്തിനിടെ കോഴിത്തീറ്റവിലയും ഇരട്ടിയോളം വർദ്ധിച്ചു. 50കിലോഗ്രാമിന്റെ ചാക്കിന് 1400രൂപയിൽ നിന്ന് 2400രൂപയിലെത്തി. ആറുമാസം മുമ്പ് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില 25രൂപയായിരുന്നു. ഇപ്പോൾ അത് 57രൂപയായി ഉയർന്നു. ചൂട് കൂടിയതിനാൽ 1000കോഴിയെ ഇടാൻ കഴിയുന്ന ഫാമിൽ 700മുതൽ800വരെ കുഞ്ഞുങ്ങളെ ഇടുന്നുള്ളു.

ഇറച്ചിക്കോഴി വില

ഇന്നലെ

ലൈവ്......170-190

മീറ്റ്.... 220-250

കഴിഞ്ഞമാസം

ലൈവ് .....80-90

മീറ്റ്.....130-140

കോഴിക്കുഞ്ഞുങ്ങളുടെ പരിപാലന ചെലവ് വർദ്ധിച്ചു. സംസ്ഥാനത്തെ കോഴിഫാമുകളിൽ ഉത്പാദനം കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണം. മൊത്തവ്യാപാരികളും തമിഴ്‌നാട് ഫാം ഉടമകളും തമ്മിൽ ഒത്തുകളിക്കുകയാണ്. വില നിയന്ത്രിക്കാനും സംസ്ഥാനത്തെ ഫാം ഉടമകളെ സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.

-സുരേഷ് ബാബു, ഫാം ഉടമ, കൊല്ലം