ആലപ്പുഴ : അമിതവേഗതയും അശ്രദ്ധയും കാരണം അപകടങ്ങൾ പതിവായ ആലപ്പുഴ ബൈപാസിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള ദേശീയപാത അതോറിട്ടിയുടെയും റോഡ് സുരക്ഷാവിഭാഗത്തിന്റെയും പദ്ധതികൾ എങ്ങുമെത്തിയില്ല. എം.എൽ.എയുടെ പ്രഖ്യാപനവും ജില്ലാവികസന സമിതിയുടെ ഇടപെടലും ഫലം കണ്ടിട്ടില്ല.

ബൈപ്പാസ് തുറന്ന് മൂന്ന് വർഷം പിന്നിട്ടപ്പോൾ കുട്ടികൾ ഉൾപ്പെടെ 27 ജീവനുകളാണ് വ്യത്യസ്ത അപകടങ്ങളിൽ ഇവിടെ പൊലിഞ്ഞത്. 200ൽ അധികം ചെറുതും വലുതുമായ അപകടങ്ങൾ വേറെയും.

2021ഡിസംബറിൽ ആലപ്പുഴ സ്വദേശിയായ 13വയസുള്ള ദിയ എന്ന പെൺകുട്ടി വാഹനാപകടത്തിൽ മരിച്ചപ്പോഴാണ് മോട്ടോർ വാഹന വകുപ്പ്, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പി.പി.ചിത്തരഞ്ജൻ എം.എൽ.എ പരിഹാരമാർഗം ആരാഞ്ഞതും രണ്ട് കോടി രൂപ ചെലവഴിച്ച് നിരീക്ഷണക്യാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും. എന്നാൽ ഇപ്പോൾ ക്യാമറകൾ പോയിട്ട്,​ വഴിവിളക്കുകൾ പോലും മിഴി തുറക്കാത്ത അവസ്ഥയാണ് ബൈപ്പാസിൽ.

ഫലമില്ലാത്ത തീരുമാനം

1.നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ വികസനസമിതി തീരുമാനിച്ചിരുന്നു

2.സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുക, ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകി

3.ക്യാമറയ്ക്ക് ആവശ്യമായ തുക എം.പി, എം.എൽ.എഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നതിന്റെ സാദ്ധ്യതയും പരിശോധിച്ചിരുന്നു

4.ഇതിനപ്പുറം മുന്നോട്ടേക്ക് തീരുമാനങ്ങളൊന്നും നീങ്ങാതിരുന്നതാണ് പദ്ധതിക്ക് തടസമായത്

27 : മൂന്ന് വർഷത്തിനുള്ളിൽ അപകടത്തിൽ മരിച്ചവർ

സ്ഥാപിക്കേണ്ട ക്യാമറകൾ : 18

ചെലവ്: ₹2 കോടി

ബൈപാസിന്റെ നീളം 6.8 കി.മീ

ക്യാമറകൾ സ്ഥാപിക്കുന്നതിനായി കെൽട്രോൺ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. തുക അനുവദിക്കുന്ന മുറക്ക് തുടർപ്രവർത്തനം നടത്തും

- പി.പി.ചിത്തരഞ്ജൻ, എം.എൽ.എ

ക്യാമറകൾ സ്ഥാപിക്കാൻ സർക്കാരിന് പണമില്ലെങ്കിൽ എം.പി, എം.എൽ.എമാരുടെ വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കണം. അല്ലെങ്കിൽ,​ റോഡ് സുരക്ഷാപദ്ധതിയിലോ ദുരന്തനിവാരണ ഫണ്ടോ ഇതിനായി വിനിയോഗിക്കണം.

-മധു, പൊതുപ്രവർത്തകൻ