photo

ചേർത്തല : നിർമ്മാണം തുടങ്ങി 19 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാതിരുന്ന നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിർമ്മാണം അവസാനഘട്ടത്തിലേക്കടുക്കുന്നു. കടമ്പയായി അവശേഷിച്ച അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തു. നിർമ്മാണം പൂർത്തിയാക്കി ജൂണിൽ പാലം സഞ്ചാരത്തിന് തുറന്ന് കൊടുക്കാനാണ് ശ്രമം.

പരപ്പേൽ ഭാഗത്തും വിളക്കുമരം ഭാഗത്തും അപ്രോച്ച് റോഡിനായി 30 സെന്റിലധികം വീതം സ്ഥലമാണ് ഏറ്റെടുത്തത്. ഇവിടെയുള്ള മരങ്ങൾ വെട്ടിനീക്കിയ ശേഷം റോഡ് നിർമ്മാണം ആരംഭിക്കും. അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗം നിർദ്ദേശിച്ചിരുന്നു.

2005 ജനുവരി 15ന് മുഖ്യമന്ത്റിയായിരുന്ന എ.കെ.ആന്റണിയാണ് തറക്കല്ലിട്ടത്. ഒന്നരപതി​റ്റാണ്ടിനു ശേഷം സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പുനരാരംഭിച്ചത്. ചേർത്തല നഗരസഭയേയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 245.8 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണ ചിലവ് 20.37 കോടി രൂപയാണ്. തടസങ്ങളെല്ലാം നീക്കി 2021ലാണ് നിർമ്മാണം ആരംഭിച്ചത്.

സമാന്തര പാത, എളുപ്പവഴി

 കാലപ്പഴക്കം ചെന്ന ചെങ്ങണ്ട പാലത്തിന് സമാന്തരമായി വയലാർ കായലിന് കുറുകെയാണ് നിർദ്ദിഷ്ടപാലം

 ചേർത്തല -അരൂക്കു​റ്റി റോഡിന് സമാന്തര യാത്രാമാർഗം തുറക്കും

 പള്ളിപ്പുറം ഇൻഫോപാർക്ക്, ഫുഡ്പാർക്ക് എന്നിവിടങ്ങളിലേക്ക് ചേർത്തലയിൽ നിന്ന് എളുപ്പ വഴി

 ചേർത്തല നഗരസഭയുടെ വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിന് വഴിതെളിക്കും

 പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ വേഗം എത്തിച്ചേരാൻ കഴിയും

2005 : പാലം നിർമ്മാണം ആരംഭിച്ചത്

പാലത്തിന്റെ നീളം 245.8 മീറ്റർ

11 മീറ്റർ വീതിയിലാണ് പാലം

1.50 മീറ്റർ നടപ്പാത ഇരുവശങ്ങളിലും

26 മീറ്റർ നീളമുള്ള മൂന്നു സ്പാനുകൾ

25.4 മീറ്റർ നീളമുള്ള ഒരു സ്പാൻ

25.7 മീറ്റർ നീളമുള്ള രണ്ട് സ്പാനുകൾ

10 മീറ്റർ നീളമുള്ള രണ്ട് വെല്ലുകൾ

11 മീറ്റർ നീളമുള്ള ഒരു ബോക്സ് കൽവെർട്ട്

60 മീറ്റർ നീളമുള്ള ഐലൻഡ്

പ്രധാന റോഡിൽ പള്ളിക്കവലയിൽ നിന്ന് നെടുമ്പ്രക്കാട് പാലം ആരംഭിക്കുന്നതുവരെയുള്ള 1750 മീറ്ററിലും വടക്ക് വിളക്കുമരം ഭാഗത്ത് പാലം ആരംഭിക്കുന്നിടത്തു നിന്നും ഒരു കിലോമീറ്ററോളം ദൂരത്തിലും റോഡ് വീതി കൂട്ടി നിർമ്മിക്കണം. എങ്കിൽ മാത്രമേ പാലത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ

- നാട്ടുകാർ