ആലപ്പു ഴ: തമിഴ്നാട്ടിൽ നിന്ന് ലോഡെത്താത്തതിനെ തുടർന്ന് നഗരത്തിലെ ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ പച്ചക്കറി ക്ഷാമം കടുത്തു. വെണ്ടയ്ക്ക, കാരറ്റ്, ബീൻസ്, ഏത്തപ്പഴം, തക്കാളി, പച്ചക്കായ്,പയർ, പച്ചമുളക് തുടങ്ങിയവയാണ് കിട്ടാനില്ലാത്തത്. നാട്ടിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പുറമേ തേനി ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പച്ചക്കറി എത്തിക്കുന്നത്.

തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന പച്ചക്കറി മൂന്നര ടണ്ണോളം വരും. ഇതെത്താതായതോടെ ,ഹോർട്ടികോർപ്പിലെത്തുന്നവർ നിരാശരായി മടങ്ങുകയാണ്. കൂടാതെ ജയിൽ, സർക്കാർ സ്കൂളുകൾ തുടങ്ങിയവയ്ക്കും ഹോർട്ടികോർപ്പിൽ നിന്നാണ് പച്ചക്കറികളെത്തിക്കുന്നത്. തക്കാളിയും കാരറ്റുമുൾപ്പെടെയുള്ള പച്ചക്കറികൾ വിലക്കുറവിൽ വഴിവാണിഭക്കാരുടെ പക്കൽ സുലഭമായതാണ് ജനത്തിന് ആശ്വാസം.

ആശ്രയം നാടൻ പച്ചക്കറികൾ

 ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികളാണ് ഇപ്പോൾ ഹോർട്ടി കോർപ്പിന്റെ ആശ്രയം

 ചേർത്തല, കഞ്ഞിക്കുഴി, തൈക്കാ‌ട്ടുശേരി, പള്ളിപ്പുറം മേഖലകളിലെ കർഷകരിൽ നിന്നാണ് ഇവ സംഭരിക്കുന്നത്

 തടിയൻ, മത്തൻ, വെളളരി, തടിയൻകായ് എന്നിവയാണ് ഈ ഭാഗങ്ങളിൽ കൂടുതലായുള്ളത്

 ഇതോടെ തടിയൻകായ് , മത്തൻ, വെള്ളരി എന്നിവയുടെ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവുണ്ടായി

 ജില്ലയ്ക്കാവശ്യമായവ കഴിച്ച് അധികമുള്ളവ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ സ്റ്റാളുകൾക്ക് നൽകും

2.5

കഴിഞ്ഞ ദിവസം കർഷകരിൽ നിന്ന് രണ്ടര ടണ്ണോളം നാടൻ പച്ചക്കറിയാണ് സംഭരിച്ചത്

പച്ചക്കറി വില (ഇപ്പോൾ, കഴിഞ്ഞയാഴ്ച എന്ന ക്രമത്തിൽ)

തടിയൻ.......... 16.............. 20-21

വെള്ളരി...........18..............20-24

മത്തൻ............ 20...............25-30