vigilenece

ആലപ്പുഴ: സേവനങ്ങളെല്ലാം ഓൺലൈനായിട്ടും അഴിമതി അവസാനിക്കാത്ത റവന്യു വകുപ്പിൽ ആഭ്യന്തര അന്വേഷണ സംവിധാനമായ വിജിലൻസ് വിഭാഗത്തിൽ കെട്ടിക്കിടക്കുന്നത് 1500ഓളം പരാതികൾ. വില്ലേജ് ഓഫീസുകളിലെ കൈക്കൂലി, ക്രമക്കേട് അടക്കം ചൂണ്ടിക്കാട്ടിയുള്ള പരാതികളാണ് ഏറെയും. സർവീസ് സംഘടനകളുടെ ഉൾപ്പെടെ സമ്മർദ്ദത്തിൽ പരാതികളിൽ മിക്കതും നടപടിയെടുക്കാതെ പൂഴ്ത്തുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് വില്ലേജ് ഉദ്യോഗസ്ഥരാണ് കൈക്കൂലിക്കേസിൽ പൊലീസ് വിജിലൻസിന്റെ പിടിയിലായത്. എന്നിട്ടും റവന്യു വിജിലൻസിന്റെ പ്രവർത്തനം കാര്യക്ഷമമാകുന്നില്ലെന്ന് ആരോപണമുണ്ട്.

ലാൻഡ് റവന്യു കമ്മിഷണറുടെ കീഴിലാണ് റവന്യു വിജിലൻസ് വിഭാഗം. തിരുവനന്തപുരം (ദക്ഷിണമേഖല), കൊച്ചി (മദ്ധ്യമേഖല), കോഴിക്കോട് (ഉത്തര മേഖല) എന്നിവിടങ്ങളിലാണ് ഓഫീസുകൾ. ഒരു ഡെപ്യൂട്ടി കളക്ടർ, ഒരു സൂപ്രണ്ട്, ഒരു ക്ളാർക്ക് എന്നിവരാണ് അന്വേഷണത്തിന് ഓരോ മേഖലയിലും ഉള്ളത്.

വിജിലൻസ് വിഭാഗത്തിന് ലഭിക്കുന്ന പരാതികൾ അന്വേഷിച്ച് നടപടിക്ക് ലാൻഡ് റവന്യു കമ്മിഷണർക്ക് ശുപാർ‌ശ നൽകും. തുടർന്ന് നടപടിക്കായി അതത് ജില്ലാ കളക്ടർമാർക്ക് കൈമാറും. എന്നാൽ, പരാതികൾ പലതും സമ്മർദ്ദത്തെത്തുടർന്ന് മുക്കുന്നതിനാൽ നടപടി ഉണ്ടാകാറില്ല.

കൂടുതൽ കുഴപ്പം

വില്ലേജ് ഓഫീസുകളിൽ

1.പരാതികൾ ഏറെയും വില്ലേജ് ഓഫീസുകൾക്കെതിരെ

2.സർട്ടിഫിക്കറ്റുകൾ നൽകാനുള്ള കാലതാമസം, ക്രമക്കേട്,

കൈക്കൂലി, പെരുമാറ്റദൂഷ്യം തുടങ്ങിയവയ്ക്കെതിരെ പരാതി

കെട്ടിക്കിടക്കുന്ന പരാതി

ദക്ഷിണ മേഖല............564

മദ്ധ്യമേഖല...................492

ഉത്തര മേഖല..............427

ആകെ..........................1,483

നിരീക്ഷണത്തിൽ

100 ജീവനക്കാർ

നടപടി നീക്കം

6 പേർക്കെതിരെ മാത്രം


''ഒരു മാസം ചുരുങ്ങിയത് പത്ത് വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തുന്നുണ്ട്. പ്രവർത്തനം പരമാവധി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്

-ഡെപ്യൂട്ടി കളക്ടർ,

റവന്യു വിജിലൻസ്,

ദക്ഷിണമേഖല