
മാന്നാർ : നാൾക്കുനാൾ വർദ്ധിച്ചുവരുന്ന വേനൽച്ചൂടിൽ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കാർഷിക മേഖലയായ ഇവിടെ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പുകളെയാണ് പ്രദേശവാസികൾ ഏറെ ആശ്രയിക്കുന്നത്.
മാന്നാർ ഗ്രാമപഞ്ചായത്തിലെ 1 ,2 , 3 ,4 വാർഡുകളിൽപ്പെട്ട പടിഞ്ഞാറൻ മേഖലയായ വള്ളക്കാലി, പാവുക്കര പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. ഭൂരിഭാഗം വീടുകളിലും ജൽജീവൻ പദ്ധതിയിൽ പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വല്ലപ്പോഴുമാണ് വെള്ളം എത്തുന്നത്. അതും നൂൽവണ്ണത്തിൽ!
എടത്വായിൽ നിന്നുമുള്ള പൈപ്പ് ലൈനിലുള്ള തകരാറാണ് ജലക്ഷാമത്തിനു കാരണമായി വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. എന്നാൽ, വീയപുരം പഞ്ചായത്തിന്റെ അതിർത്തിയിലുള്ള തൊട്ടടുത്ത പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നുമുണ്ട്.
കുടിവെള്ളം എത്തിച്ച് ഗ്രാമപഞ്ചായത്ത്
വള്ളക്കാലിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വാർഡ് മെമ്പർ സുനിത ഏബ്രഹാമിന്റെ ഇടപെടലിൽ മാന്നാർ ഗ്രാമപഞ്ചായത്ത് വാഹനത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ.ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, സാമൂഹ്യ പ്രവർത്തകരും പ്രദേശ വാസികളുമായ പ്രൊഫ.പി.ഡി ശശിധരൻ, ടൈറ്റസ് പി.കുര്യൻ, ഷാജി കളപ്പുരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വലിയ വാഹനത്തിൽ വെള്ളം എത്തിച്ചതിനാൽ ഉൾപ്രദേശത്തെ ഗ്രാമീണ റോഡുകളിൽ ജലവിതരണത്തിന് തടസം നേരിട്ടു. അടുത്ത ദിവസങ്ങളിൽ ചെറിയ വാഹനങ്ങളിൽ വെള്ളം എത്തിച്ച് നൽകും
- ടി.വി രത്നകുമാരി, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്