രക്ഷാപ്രവർത്തനത്തിനിടെ ഫയർമാന് പരിക്ക്
ആലപ്പുഴ : നഗരമദ്ധ്യത്തിലെ ബേക്കേഴ്സ് ആൻഡ് കാറ്ററിംഗ് യൂണിറ്റിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതിനിടെ താഴെ വീണ് ഫയർഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു. ആലപ്പുഴ ഫയർഫോഴ്സ് യൂണിറ്റിലെ ഫയർമാൻ അമൃത് ജിത്തിനാണ് (36) പരിക്കേറ്റത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3.45നാണ് ഇരുമ്പുപാലത്തിനു സമീപം പ്രവർത്തിക്കുന്ന ലെ ബോൺ ബേക്കേഴ്സിൽ രണ്ടാം നിലയിലെ എ.സി പൊട്ടിത്തെറിച്ചു തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് സംഘത്തിലെ അമൃത് ജിത്ത് സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് മുകളിലത്തെ നിലയിൽ കയറി ജനൽ തുറക്കാനായി മേൽക്കൂരയിലെ ഡ്രസ് വർക്കിൽ ചവിട്ടിയപ്പോൾ ഈ ഭാഗം അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റിന്റെ ഉൾഭാഗം ഇളകി ചിലഭാഗങ്ങൾ തലയിൽ തറച്ചു കയറിയാണ് പരിക്കേറ്റത്. ഫയർഫോഴ്സ് ജീവനക്കാർ ഒരുമണിക്കൂർ നേരം വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. സമീപത്തേക്ക് തീ പടരാതിരിക്കാൻ മുൻകരുതലും എടുത്തു. സംഭവസമയം കടയിൽ ആരും ഇല്ലായിരുന്നതിനാൽ ദുരന്തം ഒഴിവായി. അമൃത് ജിത്തിന്റെ തലയിൽ ഉണ്ടായ മുറിവിൽ 4തുന്നലുണ്ട്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ എസ്.പ്രസാദ്, അസി. സ്റ്റേഷൻ ഓഫീസർ ജയസിംഹൻ, ഫയർമാൻന്മാരായ വിജയ്, ശശി, അഭിലാഷ്, രതീഷ്, ജസ്റ്റിൻ ജേക്കബ്, ലോറൻസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.