
ചെന്നിത്തല: പുത്തുവിളപ്പടി നവോദയ സ്‌കൂളിന് തെക്കുവശത്തുള്ള 'ടേക്ക് ഇറ്റ് ഈസി' കമ്പ്യൂട്ടർ സർവീസ് സെന്ററിൽ അഗ്നിബാധ. ഇന്നലെ ഉച്ചയോടെയാണ് അഗ്നിബാധ ഉണ്ടായത്. സ്ഥാപന ഉടമ റജികുമാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പോയതിനാൽ സ്ഥാപനത്തിന്റെ ഗ്ലാസ് വാതിൽ പൂട്ടിയ നിലയിലായിരുന്നു. കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട കെട്ടിട ഉടമ സമീപത്തുള്ളവരെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചതോടെ, ഓടിക്കൂടിയവർ ഗ്ലാസ് വാതിൽ തകർത്ത് തീ അണയ്ക്കാൻ ശ്രമങ്ങൾ നടത്തി. തുടർന്ന് മാവേലിക്കരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയിൽ സർവീസ് ചെയ്യാൻ കൊണ്ടുവന്ന രണ്ടു കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു. രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.