
കോട്ടയം : ഈ കൊടുംചൂടിൽ ദാഹിച്ച് വലഞ്ഞാൽ ഒരു നാരങ്ങാവെള്ളം കുടിക്കണേലും കൈയിൽ നിന്ന് കാശിറക്കണം. ''പേരുകേട്ടതും, വരുമാനവുമുള്ള കോളേജാണെങ്കിൽ രക്ഷപ്പെട്ടു. മറിച്ചാണെങ്കിൽ പെട്ടുപോകും. '' കോട്ടയം ജില്ലയിലെ ഒരു കോളേജിനെ പ്രതിനിധീകരിച്ച് അഞ്ച് ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥിയുടെ അമ്മയുടെ വാക്കുകളാണിത്. മത്സരത്തിനായി ചെലവായത് മൂന്ന് ലക്ഷം രൂപ. താമസവും ഭക്ഷണവുമടക്കം സ്വന്തം ചെലവിൽ. സിംഗിൾ ഇനങ്ങളിൽ മത്സരിക്കുന്ന കുട്ടികൾക്കാണ് കൂടുതൽ അവഗണന. ഗ്രൂപ്പ് മത്സരങ്ങളുടെ ചെലവ് വഹിക്കാൻ ചില കോളേജുകൾ തയ്യാറാകുന്നുണ്ട്. സിംഗിൾ ഇനങ്ങൾക്ക് ഒരിനത്തിനുള്ള മേക്കപ്പിന് മാത്രം മൂവായിരം രൂപ വേണം. വസ്ത്രങ്ങൾക്ക് 15,000 രൂപ വരെ. ടെമ്പിൾ ആഭരണങ്ങളുടെ നിരക്ക് താങ്ങാനാവില്ല. പലരും ധരിക്കുന്നത് വാടക ആഭരണങ്ങളും, വസ്ത്രങ്ങളുമാണ്. ഗുരുക്കന്മാർ സെലിബ്രിറ്റിയാണേൽ തുകയും ഉയരും.
ഗ്രേസ് മാർക്ക് എവിടെ ?
മത്സരങ്ങളിൽ ആദ്യസ്ഥാനങ്ങളും ഗ്രേഡും വാങ്ങുന്ന കുട്ടികൾ ഗ്രേസ് മാർക്കിനായി അധികൃതർക്ക് പിന്നാലെ നടക്കേണ്ട സ്ഥിതിയാണ്. രണ്ട് വർഷം മുമ്പ് അർഹതപ്പെട്ട ഗ്രേസ് മാർക്ക് ലഭിക്കാതിരുന്നതിനാൽ റാങ്ക് നഷ്ടപ്പെട്ടതായി ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തി. ഗ്രേസ് മാർക്കുള്ള വിവരം രേഖാമൂലം അറിയിച്ചിരുന്നെങ്കിലും മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും വന്നപ്പോൾ ഉൾപ്പെടുത്തിയില്ല. വിവരം തിരക്കിയപ്പോൾ കൈമലർത്തുകയെന്ന പതിവ് പല്ലവി ആവർത്തിച്ചു.