
ആലപ്പുഴ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച്, സ്‌കൂട്ടർ യാത്രക്കാരിയായ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. എറണാകുളത്തെ ഐ.ടി കമ്പനിയിൽ സോഫ്ട് വെയർ എൻജിനിയറും വെളിയനാട് പഞ്ചായത്ത് 8-ാം വാർഡ് കിടങ്ങറ മുണ്ടുചിറ വീട്ടിൽ ജഗദീശ് -ലത ദമ്പതികളുടെ മകളുമായ പാർവതിയാണ് (28) മരിച്ചത്.
പാതിരപ്പള്ളി കാമലോട്ട് കൺവെൻഷൻ സെന്ററിനു സമീപം ഇന്നലെ പുലർച്ചെ 6.30നായിരുന്നു അപകടം. എറണാകുളത്ത് നിന്ന് വരികയായിരുന്ന പാർവതി ഓടിച്ചിരുന്ന സ്കൂട്ടറിൽ കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ പാർവതിയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മരിച്ചു. വരുന്ന മെയ് 20ന് കരുനാഗപ്പള്ളി സ്വദേശിയുമായി പാർവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. സഹോദരൻ:കണ്ണൻ.