
തുറവൂർ: ചവറുകൂനയിൽ വെടിയുണ്ടകൾ കണ്ടെത്തിയ തുറവൂരിലെ വാടക വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ ആലപ്പുഴയിൽ നിന്നെത്തിയ 4 അംഗ ബോംബ് സ്ക്വാഡും ജാമി എന്ന പൊലീസ് നായയും നടത്തിയ പരിശോധന അര മണിക്കൂർ നീണ്ടു. ബോംബ് സ്ക്വാഡ് എസ്.ഐ മൈക്കിൾ, ജോഷി, അനുരാജ്, റോയി മോൻ, രാഹുൽ, കുത്തിയതോട് എസ്.ഐ എൽദോസ് കുര്യാക്കോസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
വെടിയുണ്ടകൾ ലഭിച്ച വീടിന്റെ വടക്കുപടിഞ്ഞാറ് മൂലയിലെ ചവറുകൂനയിലും തൊട്ടടുത്ത പുരയിടത്തിലുമായിരുന്നു പരിശോധന. തുറവൂർ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് തുറവൂർ - കുമ്പളങ്ങി റോഡിനരികിലെ മാടംഭാഗത്ത് വീട്ടിൽ റിട്ട.എസ്.ഐ ചേർത്തല അയ്യപ്പഞ്ചേരി സ്വദേശി രമേശനും കുടുംബവും വാടകയ്ക്കു താമസിക്കുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച വെടിയുണ്ടകൾ ലഭിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രമേശന്റെ പേരക്കുട്ടികൾക്കാണ് പ്ലാസ്റ്റിക് പാത്രത്തിലാക്കിയ 128 വെടിയുണ്ടകൾ ലഭിച്ചത്. വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം നാലാം ദിവസം പിന്നിടുമ്പോഴും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് സൂചന.