കുട്ടനാട് : ജോലിത്തിരക്കിനിടയിലും എല്ലാ ആഴ്ചാവസാനവും മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തുന്ന പാർവതി ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് കിടങ്ങറ ഗ്രാമം. കിടങ്ങറ മുണ്ടുചിറ ജഗദീശ് -ലത ദമ്പതികളുടെ മകളും കാക്കനാട്ടെ ഐ.ടി കമ്പനിയിലെ സോഫ്ട് വെയർ എൻജിനിയറുമായ പാർവതി (28) ഇന്നലെ പാതിരപ്പള്ളി കാമലോട്ടിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
കരുനാഗപ്പള്ളി കുസാറ്റ് എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് കമ്പ്യൂട്ടർ സയർസ് പാസായ ശേഷം കഴിഞ്ഞ ആറുവർഷമായി
സോഫ്ട് വെയർ എൻജിനിയറായി ജോലി നോക്കിവരുന്ന പാർവതി ഒരു വർഷം മുമ്പാണ് കാക്കനാട് ഇൻഫോപാർക്കിലെ ജോലിയിൽ പ്രവേശിച്ചത്. എത്ര തിരക്കുള്ള ആഴ്ചയിലും അച്ഛനും അമ്മയ്ക്കുമൊപ്പം ചിലവഴിക്കുന്നത് പാർവതിയുടെ ഏറ്റവും വലിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു. ഇന്നലെയും ആ പതിവ് തെറ്റിക്കാതെയാണ് ജോലി കഴിഞ്ഞ ഉടനെ കാക്കനാട് ഇൻഫോപാർക്കിൽ നിന്നും സ്കൂട്ടറിൽ കിടങ്ങറ മുണ്ടുചിറവീട്ടിലേക്ക് യാത്ര തിരിച്ചത്. അത് അവസാനയാത്രയുമായി.
സഹപ്രവർത്തകനായ ഒരു യുവാവുമായുള്ള വിവാഹനിശ്ചയം നടന്നിട്ട് ഏതാനും മാസമേ ആയിരുന്നുള്ളു. ഏക സഹോദരൻ കണ്ണൻ വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയിട്ട് അടുത്ത മേയിൽ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം.