ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. കേരളത്തിലെ പട്ടികയിൻമേലുള്ള ചർച്ച നാളെ ഡൽഹിയിൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ മണ്ഡലങ്ങളിലേതുൾപ്പെടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തതവരുമെന്നാണ് പ്രതീക്ഷ.

കേരളത്തിൽ സിറ്റിംഗ് എം.പി മാരെ മുഴുവൻ മത്സരരംഗത്തിറക്കാനാണ് നിർദേശമെങ്കിലും രാഹുൽഗാന്ധിയുടെ വയനാട്ടിലെ മത്സരവും ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയവും കെട്ടുപിണഞ്ഞുകിടക്കുകയാണ്. മുൻ കേന്ദ്രമന്ത്രിയും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായ കെ.സി വേണുഗോപാലിന്റേതുൾപ്പെടെ പലരുടെയും പേരുകൾ ആലപ്പുഴയിൽ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകു.

ആലപ്പുഴ ജില്ലയിലുൾപ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കൊടിക്കുന്നിൽ സുരേഷാണ് സിറ്റിംഗ് എം.പി. സിറ്റിംഗ് എം.പിമാർ മത്സരിക്കട്ടെയെന്ന തീരുമാനം കൊടിക്കുന്നിലിനും ബാധകമാണെങ്കിലും വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ അദ്ദേഹം തന്നെ താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. സംവരണമണ്ഡലം കൂടിയായ മാവേലിക്കരയിൽ അനുയോജ്യനായ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുക കോൺഗ്രസിനും ദുഷ്കരമാണ്.

ആദ്യറൗണ്ട് പിന്നിട്ട്

ആരിഫും അരുൺകുമാറും

അതേസമയം,​ കോൺഗ്രസിലെ സ്ഥാനാർ‌ത്ഥി നിർണയം ഇത്തരത്തിൽ തീരുമാനമാകാതെ നീണ്ടുപോകുമ്പോൾ ഇരുമണ്ഡലങ്ങളിലെയും ഇടതുസ്ഥാനാർത്ഥികളായ എ.എം.ആരിഫും

സി.എ.അരുൺകുമാറും ആദ്യറൗണ്ട് പ്രചരണം പൂർത്തിയാക്കി കഴിഞ്ഞു. രണ്ടാം റൗണ്ടിനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ ആലപ്പുഴയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെ എൻ.ഡി.എ ക്യാമ്പുകൾ സജീവമായി. സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ തുറന്ന ബി.ജെ.പി,​ ചുവരെഴുത്തുകൾ ഉൾപ്പെടെയുള്ള പ്രചരണപരിപാടികളുമായി വരുംദിവസങ്ങളിൽ സജീവമാകും. പ്രചരണത്തിനായി രണ്ട് ദിവസത്തിനകം ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലെത്തുമെന്നാണ് അറിയുന്നത്. മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ശോഭയും സജീവമാകുന്നതോടെ ആലപ്പുഴയിൽ പോര് കനക്കുമെന്ന് ഉറപ്പാണ്. അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെങ്കിലും മത്സരിച്ച സ്ഥലങ്ങളിലെല്ലാം വോട്ടിംഗ് ശതമാനം ഉയർത്താൻ കഴിഞ്ഞ ശോഭാ സുരേന്ദ്രന്,​ ആലപ്പുഴയിലും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് അണികളുടെയും നേതാക്കളുടെയും പ്രതീക്ഷ. മാവേലിക്കരയിൽ നിലവിൽ ബി.ഡി.ജെ.എസിന് നൽകിയിരിക്കുന്ന സീറ്റിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ മാവേലിക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കൂടി കളത്തിലിറങ്ങുന്നതോടെ ആലപ്പുഴ കുംഭച്ചൂടിനെ കടത്തിവെട്ടുന്ന തിരഞ്ഞെടുപ്പ് ചൂടിലമരും.