ambala

അമ്പലപ്പുഴ: ദേശീയപാതയിൽ ടാറിംഗ് പൂർത്തിയായ പുറക്കാട് പെട്രോൾ പമ്പ് മുതൽ ഒറ്റപ്പന വരെയുള്ള ഭാഗങ്ങളിൽ വാഹന ഗതാഗതം ആരംഭിച്ചു. ഈ ഭാഗങ്ങളിൽ റോഡിന്റെ കിഴക്കു ഭാഗത്തെ ടാറിംഗാണ് പൂർത്തീകരിച്ചത് .തോട്ടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് നിലവിൽ കടത്തിവിടുന്നത്. അമ്പലപ്പുഴ, ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പഴയ ദേശീയപാതയിലൂടെയാണ് പോകുന്നത്. കരൂർ മുതൽ തോട്ടപ്പള്ളി വരെയുള്ള കിഴക്കുഭാഗത്തെ 9 കി.മീറ്റർ ടാറിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ടാറിംഗ് പൂർത്തിയായാൽ വാഹനങ്ങൾ ഇതുവഴി കടത്തിവിട്ട് ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തെ ജോലികൾ ആരംഭിക്കും.പുറക്കാടും ഒറ്റപ്പനയിലും കിഴക്കു ഭാഗത്ത് അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായി.വാഹനങ്ങൾ തിരിച്ചുവിട്ടു കഴിഞ്ഞാൽ ബാക്കി ഭാഗത്തും നിർമ്മാണം ആരംഭിക്കും. ആധുനിക സംവിധാനത്തിലാണ് ടാറിംഗ് പുരോഗമിക്കുന്നത്. മണ്ണിട്ട് ഉയർത്തി ഗ്രാനുലാർ സബ് ബേസസ് നിരത്തിയതിനു ശേഷം സിമന്റ് ട്രീറ്റസ് ബേസ് പാളികൾ ഉറപ്പിച്ച ശേഷമാണ് ടാറിംഗ് നടത്തുന്നത്. വെള്ളം കെട്ടി നിന്നാലും റോഡിന് തകരാർ ഉണ്ടാകാത്ത തരത്തിലാണ് ടാറിംഗ് നടത്തുന്നത്. കിഴക്കു ഭാഗത്തെ സർവീസ് റോഡ് മെറ്റലിട്ട് പൂർത്തീകരിച്ചെങ്കിലും ടാറിംഗ് ആരംഭിച്ചിട്ടില്ല. പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡ് ഇനിയും പൂർത്തിയാകാനുണ്ട്.