ആലപ്പുഴ: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്ന ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിന് 1.67ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടി. സ്ഥലത്തിന്റെ വില നിശ്ചയിക്കാൻ റവന്യു വകുപ്പ് നടപടി തുടങ്ങി. പദ്ധതിക്ക് കിഫ്‌ബി അംഗീകാരം ലഭിച്ചതോടെ നാലുവരിപ്പാത ഉൾപ്പെടെ ജംഗ്ഷൻ വികസനത്തിന്റെ ഡി.പി.ആർ ഉടൻ തയാറാക്കും.
ടി.ഡി സ്കൂളിന് മുന്നിൽ തുടങ്ങി കേരള ബാങ്കിന് മുൻവശം അവസാനിക്കും വിധം അരകിലോമീറ്ററിലധികം ദൂരത്തിലുള്ള ഫ്ളൈ ഓവർ പദ്ധതിക്ക് പകരമാണ് നാലുവരിപ്പാത. നിലവിലെ റോഡിന്റെ മദ്ധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിച്ച് ഇരുവശത്തേക്കും 6.15 മീറ്റർ വീതം വീതിയിൽ നാലുവരിപ്പാത നിർമ്മിക്കാനാണ് പദ്ധതി. ഇതിനായി റോഡിൽ നിന്ന് ഇരുവശത്തേക്കുമായി മൂന്നരമീറ്റർ വീതം സ്ഥലം ഏറ്റെടുക്കും.
പഴയ ദേശീയ പാതയുടെ ഭാഗമായ കളർകോട്- ജനറൽ ആശുപത്രി- ബോട്ട് ജെട്ടി റോഡിലെ ഗതാഗതക്കുരുക്കിനും ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നലിലെ കാത്തുകിടപ്പിനും പരിഹാരമെന്ന നിലയിലാണ് പദ്ധതി. ആലപ്പുഴ ബൈപ്പാസ് തുറന്നതോടെ ജനറൽ ആശുപത്രി ജംഗ്ഷനിൽ ഗതാഗത തിരക്കും കുരുക്കും കുറഞ്ഞതിനാൽ ഫ്ളൈ ഓവർ അനാവശ്യവും പണത്തിന്റെ ദുർവ്യയത്തിനും കാരണമാകുമെന്ന് കണ്ടെത്തലാണ് നാലുവരിപ്പാത എന്ന ആലോചനയിലെത്തിച്ചത്.
സ്ഥലവും പണവും ലാഭം
1.ഫ്ളൈ ഓവറിന് ആവശ്യമായ സ്ഥലത്തിന്റെ പകുതി മതി നാലുവരിപ്പാതയ്ക്ക്
2.ഫ്ളൈ ഓവറിനെ അപേക്ഷിച്ച് നാലുവരിപ്പാതയ്ക്കും ജംഗ്ഷൻ വികസനത്തിനും ചെലവ് കുറവ്
3. ഫ്ളൈ ഓവറിനായി സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള പുനരധിവാസന്റെ വൻ സാമ്പത്തിക ബാദ്ധ്യത നാലുവരിപ്പാതയിൽ ഒഴിവാകും
4.നാലുവരിപ്പാതയ്ക്കൊപ്പം ബീച്ച് റോഡിലേക്കും തിരികെയും വാഹനങ്ങൾക്ക് ഫ്രീലെഫ്റ്റ് അനുവദിക്കാൻ കഴിയും
ഫ്ളൈ ഓവറിന്: 2.34 ഏക്കർ
നാലുവരിപ്പാതയ്ക്ക്: 1.67 ഏക്കർ
ഭൂവില നിശ്ചയിച്ചു സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കുന്നതിനൊപ്പം ഡി.പി.ആർ തയ്യാറാക്കി മാർച്ച് 31ന് മുമ്പ് ടെൻഡർ ചെയ്യുകയാണ് ലക്ഷ്യം
- സാങ്കേതിക വിഭാഗം, കിഫ്.ബി, ആലപ്പുഴ