ആലപ്പുഴ : വേനൽച്ചൂട് കടുത്തതോടെ കുട്ടനാട് താലൂക്കിലെ 13പഞ്ചായത്തുകളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. കാവാലം, പുളിങ്കുന്ന്, മുട്ടാർ പഞ്ചായത്തുകളിലാണ് ജലക്ഷാമം. ചൂട് കൂടിയതോടെ തോടുകളും കിണറുകളും വറ്റിതുടങ്ങിയതോടെ കുടിക്കാനും കുളിക്കാനും തുണികഴുകാനും വെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. നീരേറ്റുപുറം ശുചീകരണ പ്ളാന്റിൽ നിന്ന് 26 കുഴൽക്കിണറുകളിൽ നിന്നുമായി രണ്ട് കോടി ലിറ്റർ ശുദ്ധജലം കുട്ടനാട്ടിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ജല അതോറിട്ടി പറയുമ്പോഴും തൊണ്ട നനയ്ക്കാൻ തുള്ളിവെള്ളം കിട്ടാത്ത ഗതികേടിലാണ് പ്രദേശവാസികൾ. ലിറ്ററിന് 2.50 രൂപവരെ നൽകി സ്വകാര്യ വ്യക്തികളിൽ നിന്ന് കുടിവെള്ളം വിലക്ക് വാങ്ങിയാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത്. നിലവിലുള്ള വിതരണക്കുഴലിന്റെ കാലപ്പഴക്കം മൂലം പലേടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. കുടിവെള്ളം വള്ളത്തിലും വണ്ടിയിലും എത്തിക്കുന്നതിന് വാഹനങ്ങളുടെ ടെണ്ടർ വിളിച്ച് ശുദ്ധജല വിതരണത്തിന് പഞ്ചായത്തുകൾക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. തിരുവല്ല കുടിവെള്ള പദ്ധതിയിലെ വെള്ളം കുട്ടനാട്ടിലേക്ക് എത്തിക്കുന്നതിന് 9വർഷം മുമ്പ് സമർപ്പിച്ച പദ്ധതി എങ്ങും എത്തിയില്ല. കിഫ്ബിയിൽ അനുവദിച്ച 289.50 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പോലും തുടങ്ങാൻ കഴിഞ്ഞില്ല.

......

#പദ്ധതികൾ പലത്, ഒന്നും വിജയിച്ചില്ല

പദ്ധതികൾ പലത് ആവിഷ്‌കരിച്ചെങ്കിലും ഒന്നും വിജയത്തിലെത്താത്തതാണ് കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് കാരണം. തിരുവല്ല കുട്ടനാട് കുടിവെള്ള പദ്ധതിയിൽ നിന്ന് പ്രതിദിനം ഒരുകോടി ലിറ്റർ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് 60ലക്ഷം ലിറ്ററാണ്. 14 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള നീരേറ്റുപുറം ശുദ്ധീകരണ പ്ളാന്റ് കമ്മിഷൻ ചെയ്‌തെങ്കിലും പരിമിതമായ അളവിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. തലവടി, എടത്വ, മുട്ടാർ, രാമങ്കരി, കുവാലം, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

......

''വേനൽച്ചൂടിൽ കുട്ടനാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജല അതോറിട്ടി അടിയന്തര നടപടി സ്വീകരിക്കണം. ലിറ്ററിന് രണ്ടരരൂപ വില നൽകിയാണ് കുടിവെള്ളം വാങ്ങുന്നത്.

പ്രമോദ്, കുട്ടനാട്

"കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തര സാഹചര്യത്തിൽ വള്ളത്തിലോ വാഹനങ്ങളിലോ കുടിവെള്ളം എത്തിക്കുന്നതിന് അതാത് പഞ്ചായത്തുകളാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിന് ജി.പി.എസ് സംവിധാനത്തോടെയുള്ള വാഹനങ്ങളും വള്ളങ്ങളുടെയും ടെണ്ടർ നടത്തി ഓരോപഞ്ചായത്തിനും ആവശ്യമായ നിർദ്ദേശം നൽകി.

തഹസീൽദാർ, കുട്ടനാട്