photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിലെ ചത്തിയറ തെക്ക് പതിനാലാം വാർഡിൽ കുടിവെള്ള ക്ഷാമംരൂക്ഷമാകുന്നു. ചത്തിയറ കിണറുവിളകോളനിയിലെ കുടിവെള്ള പദ്ധതി മൂന്നുമാസമായി പ്രവർത്തനരഹിതമായതാണ് പ്രതിസന്ധിക്ക് കാരണം . കിണറുവിള കോളനിയിലെ എസ്.സി.എസ്.ടി വിഭാഗത്തിൽപ്പെട്ട 40 ഓളം കുടുംബങ്ങൾക്കായി തുടങ്ങിയ പദ്ധതിയായിരുന്നു ഇത്. പിന്നീട് പദ്ധതി വിപുലീകരിക്കുകയും മറ്റു സ്ഥലങ്ങളിലേക്ക് കൂടുതൽ കണക്ഷനുകൾ ആശാസ്ത്രീയമായി നൽകിയതുമാണ് പദ്ധതി നിലയ്ക്കുവാൻ കാരണമായത്. ഇപ്പോൾ കുടിവെള്ള പദ്ധതിയും ടാങ്കും തമ്മിൽ ഒരു കിലോമീറ്ററോളം ദൂരമുണ്ട്. മോട്ടറിന്റെ പവറിന്റെ അനുസരിച്ചുള്ള പൈപ്പുകൾ അല്ല സ്ഥാപിച്ചിരിക്കുന്നത് അതിനാൽ പൈപ്പുകൾ തുടർച്ചയായി പൊട്ടാൻ തുടങ്ങി. അശാസ്ത്രീയമായ പ്ലംബിംഗും വയറിംഗും കാരണം മോട്ടർ നിരന്തരം പ്രവർത്തന രഹിതമായി. വയറിംഗിലെ അശാസ്ത്രീയത മൂലം മീറ്റർ ബോർഡും കത്തിപ്പോയി. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ വന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ,വയറിംഗ് കൃത്യമാക്കിയതിനുശേഷം മാത്രം കണക്ഷൻ പുനഃസ്ഥാപിക്കുകയുള്ളൂയെന്ന് നിലപാടെടുത്തതോടെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം പൂർണമായും നിലച്ചു.

----------------------------------

'' ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 20 ലക്ഷത്തോളം രൂപ മുടക്കി നിർമ്മിച്ച പദ്ധതിയാണ് പ്രയോജനരഹിതമായത്. തകരാറുകൾ പരിഹരിച്ച് കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കണം.

സന്തോഷ് ചത്തിയറ,ബി.ജെ.പി ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി

----------------------------------------

''ചത്തിയറ കിണറുവിള കോളനി നിവാസികൾക്കായി നിർമ്മിച്ച പദ്ധതിയിൽ അശാസ്ത്രീയമായി കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ ശ്രമിച്ചതാണ്. പോരായ്മകൾ പരിഹരിച്ച് കുടിവെള്ള വിതരണം പെട്ടെന്ന് പുനരാരംഭിക്കണം.

കിണറുവിള കോളനി നിവാസികൾ

----------------------------------------

# റീത്ത് വച്ച് പ്രതിഷേധം

വിഷയത്തിലെ വാർഡ് മെമ്പറുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് ബി.ജെ.പി 153-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാത്ത മോട്ടർ ഷെഡിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ബൂത്ത് പ്രസിഡന്റ് സജിത്ത് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചത്തിയറ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ കമ്മിറ്റിയംഗം ശങ്കരൻകുട്ടി, പ്രവീൺ രാജൻ പിള്ള, അനിൽകുമാർ, ബിജു, ഷാലു, പുരുഷൻപിള്ള, വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.