അമ്പലപ്പുഴ: സൈക്കിൾ പോളോതാരം നിദാഫാത്തിമ നാഗ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് ഒരു വർഷം പിന്നിട്ടപ്പോൾ,​ ബന്ധുക്കൾക്ക് ലഭിച്ചത് മരണകാരണം വ്യക്തമാക്കാത്ത ഫോറൻസിക്ക് റിപ്പോർട്ട്. 2022 ഡിസംബർ 22 -ാനാണ് നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റാ മൻസിൽ ഷിഹാബുദ്ദീൻ - അൻസില ദമ്പതികളുടെ മകൾ നിദാഫാത്തിമ (10) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയായ നിദാഫാത്തിമ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പരിശീലകനൊപ്പം നാഗ്പൂരിലെത്തിയത്. ഇവിടെ ഭക്ഷണം കഴിച്ച ശേഷം ശക്തമായ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് കുത്തിവയ്പ്പ് നൽകിയതോടെ നില വഷളാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഫിദയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ,​ മരണകാരണം നാളിതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.കുട്ടി മരിച്ച് ഒരു വർഷം പിന്നിട്ടെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടോ ഫോറൻസിക്ക് പരിശോധനാ ഫലമോ ലഭിച്ചിരുന്നില്ല. തുടർന്ന്,​ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നിരന്തരമായ ആവശ്യത്തെ തുടർന്നാണ് അവ്യക്തമായ അന്തരികാവയ പരിശോധനാഫലം ഇന്നലെ ലഭിച്ചത്.

മെഡിക്കൽ ബോർഡിനെ സമീപിക്കും

അന്തരികാവയവങ്ങൾ പരിശോധിച്ചതിൽ ശ്വാസകോശത്തിൽ നീര്, ഹൃദയപേശിയിൽ വീക്കം, കുടലിൽ തടസം എന്നിവ ഉണ്ടായതായി ഫോറൻസിക്ക് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും

ഇവയെല്ലാം കുത്തിവയ്പ്പിൽ നിന്നുണ്ടായതാണോ എന്ന് വ്യക്തമല്ല. മാത്രമല്ല അണുബാധ, അലർജി പരിശോധനകളുടെ ഫലവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ വിദഗ്ദ്ധ അഭിപ്രായം അറിയാൻ മെഡിക്കൽ ബോർഡിനെ സമീപിക്കാനുള്ള നീക്കത്തിലാണ് ആക്ഷൻ കൗൺസിലും ബന്ധുക്കളുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ യു.എം.കബീർ പറയുന്നു.