
കായംകുളം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് രാത്രി പത്ത് മണികഴിഞ്ഞും നാടൻ പാട്ട് നടന്നതിനെ തുടർന്നുണ്ടായ സംഘർഷം ലാത്തിച്ചാർജ്ജിൽ കലാശിച്ചു, പതിനഞ്ചോളംപേർക്ക് പരിക്കേറ്രു. നാട്ടുകാരും ഉത്സവ കമ്മിറ്റി ഭാരവാഹികളും നാടൻപാട്ട് കലാകാരൻമാരും ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത്. ഒരു ഹോം ഗാർഡിനും പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെ കായംകുളം ചിറക്കടവം നടയിൽ കണ്ണമ്പള്ളി ക്ഷേത്രത്തിലായിരുന്നു സംഭവം. പരിക്കേറ്റവരെ കായംകുളം സർക്കാർ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊല്ലം നാട്ടുമൊഴിയുടെ നാടൻപാട്ട് നടക്കുന്നതിനിടെയായിരുന്നു സംഭവം. പത്ത് മണി ആയതോടെ പൊലീസ് നിർദ്ദേശപ്രകാരം മൈക്ക് ഓഫ് ചെയ്തു. നാട്ടുകാരുടെ ആവശ്യപ്രകാരം മൈക്കില്ലാതെ പാട്ട് തുടരുന്നതിനിടെ തുള്ളിയവർ തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ടു. ഹോം ഗാർഡ് ശശിധരന് കല്ലേറിൽ പരിക്കേൽക്കുകയും എസ്.ഐ യുടെ ഷർട്ടിന് പിടിക്കുകയും ചെയ്തതോടെ ക്ഷേത്രത്തിനകത്ത് കയറിയ പൊലീസ് കണ്ണിൽ കണ്ടവരെയെല്ലാം ക്രൂരമായി തല്ലിച്ചതച്ചു.
അതിക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും എല്ലാം ലാത്തികൊണ്ട് അടിച്ച് താഴെയിട്ടു. നിരപരാധിയായ യുവാവിനെ പത്തിലധികം തവണ ലാത്തി കൊണ്ട് അടിച്ചു. എട്ടു വയസുകായിരുടെ ചുണ്ട് പൊട്ടി.തൊട്ടടുത്ത വീട്ടിൽ അടച്ചിട്ട ഗേറ്റിനകത്ത് നിന്ന വൃദ്ധനെ വരെ ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഡി.രമണനും രണ്ട് നാടൻ പാട്ട് കലാകാരൻമാർക്കും മർദ്ദനമേറ്റു. തലക്ക് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് പറയുന്നത്:
വൈകിട്ട് ഏഴരയ്ക്ക് തുടങ്ങേണ്ട നാടൻ പാട്ട് എട്ടേമുക്കാലിനാണ് തുടങ്ങിയത്. കൃത്യം പത്ത് മണിക്ക് പരിപാടി നിറുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുള്ളൽ തുടങ്ങിയതോടെ ക്ഷേത്ര ഭാരവാഹികൾ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പത്ത് മണിക്ക് മൈക്ക് ഓഫ് ചെയ്തതിന് ശേഷവും പരിപാടി തുടരുകയും സംഘർഷവും ഉണ്ടായി.
ഈ സമയത്താണ് ഇടപെട്ടതെന്ന് സി.ഐ ഗിരിലാൽ പറഞ്ഞു.