s

ആലപ്പുഴ: കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ആലപ്പുഴ ജില്ലയിലെ ഇരുന്നൂറോളം കുഴൽക്കിണറുകളിൽ പകുതിയും തകരാറിൽ. നഗരത്തിൽ അരഡസനോളം കുഴൽക്കിണറുകളും പമ്പ് ഹൗസുകളുമുണ്ടെങ്കിലും ഒന്നുപോലും പ്രവർത്തിക്കുന്നില്ല.

കരുമാടിയിൽ നിന്ന് ആവശ്യത്തിന് വെള്ളമെത്തുന്നതിനാൽ കുഴൽക്കിണറുകൾ പ്രവർത്തിപ്പിക്കേണ്ടിവന്നിട്ടില്ലെന്നാണ് ഇക്കാര്യത്തിൽ വാട്ടർഅതോറിട്ടിയുടെ വിശദീകരണം. നഗരത്തിന് പുറത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും വാട്ടർ അതോറിട്ടിയുടെയും ആവശ്യാനുസരണം നിർമ്മിച്ച 163 ലധികം കുഴൽക്കിണറുകളിൽ 97 എണ്ണത്തോളം പ്രവർത്തന രഹിതമാണ്. ഭൂഗർഭ ജല വകുപ്പാണ് ജല ലഭ്യത ഉറപ്പാക്കി കുഴൽക്കിണറുകൾ നിർമ്മിച്ച് നൽകിയതെങ്കിലും അവയുടെ പരിപാലനത്തിൽ വാട്ടർ അതോറിട്ടിയും തദ്ദേശ സ്ഥാപനങ്ങളും കാട്ടിയ അലംഭാവമാണ് കുഴൽക്കിണറുകളെ നോക്കുകുത്തികളാക്കിയത്.

തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ വാഹനങ്ങൾ കണ്ടെത്തി ടാങ്കുകളിൽ വെള്ളമെത്തിക്കുന്നതിന് ജില്ലാകളക്ടർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ജില്ലയുടെ കിഴക്കൻ മേഖലയിലെ ചില പഞ്ചായത്തുകൾ (വള്ളികുന്നം,താമരക്കുളം,പാലമേൽ, ഭരണിക്കാവ്) ഒഴികെ കാര്യമായ ഇടപെടീൽ ഇതുവരെ ഉണ്ടായിട്ടില്ല.

നൂറിലധികം കിണറുകൾ പ്രവർത്തനരഹിതം

1. തുടർച്ചയായ പമ്പിംഗ് കാരണം കിണറുകളിൽ ചെളിയും ഓരും നിറയുന്നതും മണ്ണും ചെളിയും കയറി മോട്ടോറുകൾ തകരാറിലാകുന്നതുമാണ് മിക്ക കുഴൽക്കിണറുകളിലെയും പ്രശ്നം

2. വേനൽ കടുത്തതോടെ വെള്ളത്തിന്റെ അളവ് പെട്ടെന്ന് കുറഞ്ഞത് പമ്പിംഗിനെ ബാധിച്ചു. രണ്ട് ഡസനോളം കുഴൽകിണറുകളിൽ കലങ്ങിയതും ദുർഗന്ധം വമിക്കുന്നതുമായ വെള്ളമാണ് കിട്ടുന്നത്

3. പഴക്കമേറിയ പമ്പ് ഹൗസുകളിലെ മോട്ടറുകളിൽ പലതും വർഷങ്ങളായി പ്രവർത്തിക്കാതിരുന്നത് കാരണം തുരുമ്പെടുത്തും അല്ലാതെയും നശിച്ചു. കൃഷ്ണപുരം മുതൽ അരൂർ വരെ പല പഞ്ചായത്തുകളിലെയും കുഴൽക്കിണറുകൾ മാസങ്ങളായി തകരാറിലാണ്

പുതിയതിന് ഉത്സാഹം

വലിയഴീക്കൽ,ദേവികുളങ്ങര,ചേപ്പാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പല്ലന, തോട്ടപ്പള്ളി, പുറക്കാട്, പുന്നപ്ര, ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങൾ, മുഹമ്മ, കഞ്ഞിക്കുഴി, തണ്ണീർമുക്കം, ചേർത്തല, അരൂർ തുടങ്ങി മിക്കപ്രദേശങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. ജലക്ഷാമം രൂക്ഷമായ ചില പ്രദേശങ്ങളിൽ കുഴൽക്കിണറുകൾ നിർമ്മിക്കാൻ വാട്ടർ അതോറിട്ടി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ,​ നിലവിലെ കുഴൽക്കിണറുകൾ പരിപാലിക്കുന്ന കാര്യത്തിൽ ഒട്ടും താത്പര്യമില്ലെന്നതാണ് വാസ്തവം.

ജലവിതരണത്തിന് ജി.പി.എസ് നിരീക്ഷണ സംവിധാനമുള്ള വാഹനങ്ങളെത്തിയാൽ വെളളം നിറച്ചുനൽകാൻ ഓവർ ഹെഡ് ടാങ്കുകളിൽ ക്രമീകരണം ചെയ്തിട്ടുണ്ട്

- വാട്ടർ അതോറിട്ടി അധികൃതർ