ആലപ്പുഴ: പുതുവർഷം പിറന്ന് രണ്ടുമാസത്തിനകം ജില്ലയിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 51ജീവനുകൾ. പരിക്കേറ്റവർ മുന്നൂറോളം. അപകടങ്ങളിൽ അധികവും ദേശീയ പാതയിലാണെങ്കിലും ഇടറോഡുകളും സംസ്ഥാന ജില്ലാപാതകളും ഒട്ടും പിന്നിലല്ല. ദേശീയപാതയിൽ ഹരിപ്പാടിനും പുന്നപ്ര പറവൂരിനും ഇടയിലും ചേർത്തല അരൂർ മേഖലകളിലുമാണ് ഏറ്റവുമധികം അപകടങ്ങളും മരണവും ഉണ്ടായിട്ടുള്ളത്. കാറുകൾ ഉൾപ്പെടെ വലിയവാഹനങ്ങളാണ് അപകടങ്ങളിലെ വില്ലന്മാരെങ്കിൽ, ഇരുചക്രവാഹനയാത്രക്കാരും കാൽനടക്കാരുമാണ് ഇരകൾ. ദേശീയ പാതയിൽ രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്. കെ.എസ്.ആർ.ടി.സി ബസുകളാണ് സമീപ ദിവസങ്ങളിൽ ജില്ലയുടെ തെക്കൻ മേഖലകളിൽ ജനത്തിന്റെ ജീവനെടുത്ത വില്ലൻ. ഒന്നിലേറെ അപകടങ്ങളാണ് കെ.എസ്.ആർ.ടി.സിയുണ്ടാക്കിയത്. യാത്രയ്ക്കിടെ കാറും കെ.എസ്.ആർ.ടി.സിയുടെ ബസും അഗ്നിക്കിരയായയതും എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ കാർ മാവേലിക്കര പുതിയകാവിൽ അപകടത്തിൽപ്പെട്ടതും ജില്ലയിലെ അപകടക്കണക്കുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
നിരീക്ഷണവും പരിശോധനയുമില്ല
1.നവീകരണം നടക്കുന്ന ദേശീയപാതയിൽ വഴിവിളക്കുകളും നിരീക്ഷണ ക്യാമറകളും നീക്കം ചെയ്തു. പൊലീസ്, മോട്ടോർ വാഹനവകുപ്പ് പരിശോധന പേരിന് പോലുമില്ലാതായി
2.നിർമ്മാണത്തിന്റെ ഭാഗമായി ക്യാമറകളും മുന്നറിയിപ്പ് ബോർഡുകളും നീക്കം ചെയ്ത ഹൈവേയിൽ ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ച് അമിതവേഗത്തിന് പരിഹാരം കാണണം
3.ആലപ്പുഴ നഗരത്തിലെ പലറോഡുകളിലും സന്ധ്യമയങ്ങിയാൽ വെളിച്ചമില്ലാത്തത് കാൽനടയാത്രക്കാരുടെയും സൈക്കിൾ സവാരിക്കാരുടെയും ജീവനെടുക്കുന്നു
ഇടറോഡുകളും പിന്നിലല്ല
കായംകുളം- പുനലൂർ, കായംകുളം -തിരുവല്ല സംസ്ഥാന പാത, അമ്പലപ്പുഴ - തിരുവല്ല , മുഹമ്മ- തണ്ണീർമുക്കം റോഡുകളും അപകടങ്ങളിൽ പിന്നിലല്ല. ഒരു ഡസനിലേറെ അപകടങ്ങളാണ് ഉൾനാടൻ റോഡുകളിലുണ്ടായിട്ടുള്ളത്. എടത്വയിൽ പൊലീസ് ജീപ്പിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചതും കായംകുളം കെ.പി റോഡിൽ സൈക്കിൾ യാത്രക്കാരനും പെട്ടി ഓട്ടോ ഡ്രൈവറും വ്യത്യസ്ത അപകടങ്ങളിൽ മരിച്ചതും അടുത്തിടെയാണ്. കായംകുളം - തിരുവല്ല പാതയിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. തുലാമഴയത്തെ ഇടിമിന്നലിൽ തകരാറിലായ വഴിവിളക്കുകളിൽ നല്ലൊരു ശതമാനവും പ്രവർത്തനക്ഷമമാക്കാത്തത് നിരത്തുകൾ ഇരുട്ടിലാകാൻ കാരമായിട്ടുണ്ട്.
................................
അപകടമരണം
ജനുവരി: 27
ഫെബ്രുവരി: 24
പരിക്കേറ്റവർ: 264
.....................................
ബ്ളാക്ക് സ്പോട്ടുകൾ : 62