
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നതും തോടുകളിലെയും നദികളിലെയും പൊളശല്യവും ബോട്ട് യാത്രക്ക് തടസമാകുന്നു. പുഞ്ചകൃഷിയുടെ വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തോടുകളിലൽ ജലനിരപ്പ് താഴുന്നതും കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. ബോട്ട് സർവീസ് നടത്തുന്ന തോടുകളിലെ ജലനിരപ്പ് താഴ്ന്നത് കാരണം മണൽതിട്ടയിൽ തട്ടിയാണ് യാത്രബോട്ട് സർവീസ് നടത്തുന്നത്. കുട്ടനാട്ടിലെ കിഴക്കൻ കായൽ പാടശേഖരങ്ങളായ പതിനാലായിരം, പത്തു പങ്ക്, ഒമ്പതിനായിരം, മാരാങ്കായയിൽ, ഇരുപത്തിനാലായിരം പാടശേഖരത്തിന്റെ വടക്കൻ മേഖല ഉൾപ്പെടെയുള്ള പ്രദേശത്ത് ജലഗതാഗതത്തിന് ഭീഷണി നേരിടുന്നത്.തിങ്ങി നിറഞ്ഞ പോള മൂലം കോട്ടയം ബോട്ട് ജെട്ടിയിൽ നിന്ന് വെട്ടിക്കാട് വഴി ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസ് ,സാധാരണ സമയങ്ങളിൽ കൂടുതൽ സമയം എടുക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊയ്ത്തിന് ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുവാനും കൊയ്തെടുക്കുന്ന നെല്ല് വള്ളങ്ങളിൽ എത്തി സംഭരിക്കുവാനും തടസമായി മാറും.
......
#മണൽ വിനയാകും
സംസ്ഥാന ജല ഗതാഗത വകുപ്പിലെ എടത്വാ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന ബോട്ടുകൾക്ക് അപകടഭീഷണി ഉയർത്തും വിധം മണൽതിട്ടരൂപപ്പെട്ടിട്ടുള്ളത്. എടത്വ, ചമ്പക്കുളം ജലപാതയിൽ തായങ്കേരി, ഐക്കര, ആശുപത്രി ജെട്ടികളുടെ താഴെയും മണൽത്തിട്ടകൾ അടിഞ്ഞ് കിടക്കുന്നു. അടിയന്തരമായി എടത്വാ പഞ്ചായത്ത് സമിതിയോ ജലസേചന വകുപ്പോ മുൻകൈയെടുത്ത് അപകടാവസ്ഥയില്ലുള്ള മണൽത്തിട്ടകൾ നീക്കം ചെയ്യണമെന്നാവശ്യവും ശക്തമായി.
.......
"അടിയന്തരമായി എടത്വാ പഞ്ചായത്ത് സമിതി മുൻകൈയെടുത്ത് അപകടാവസ്ഥയില്ലുള്ള മണൽത്തിട്ടകൾ നീക്കം ചെയ്യണം
ആദർശ്, സംസ്ഥാന ജനറൽ സെക്രട്ടറി, സ്രാങ്ക് അസോസിയേഷൻ
" വിളവെടുപ്പിന് ദിവസങ്ങൾ മാസങ്ങൾ മാത്രം ഉള്ളപ്പോൾ നദികളിലെ ആഫ്രിക്കൻ പോള കർഷകർക്ക് ഭീഷണിയായി മാറുന്നു. അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെടണം.
മാത്യു ചെറുവരമ്പൻ, ജില്ലാ പ്രസിഡന്റ്, കർഷക കോൺഗ്രസ്