
ആലപ്പുഴ: രാത്രിയിൽ വീടിന്റെ മതിൽ ചാടിക്കടന്ന് ജനൽ ഗ്ളാസ് തല്ലി തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മണ്ണഞ്ചേരി തമ്പകച്ചുവടിന് സമീപം നികുഞ്ജത്തിൽ ഋഷികേശിന്റെ വീടിനിനേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ഊണ് കഴിഞ്ഞ് ഗേറ്റുപൂട്ടി ഋഷികേശും ഭാര്യ കുശലകുമാരിയും ഉറങ്ങാൻ കിടന്നപ്പോഴാണ് വീടിന്റെ ജനാലയിൽ തുടർച്ചയായി ആരോ ശക്തമായി അടിക്കുന്നത് കേട്ടത്. ലൈറ്റിട്ടപ്പോഴേക്കും ജനാല ചില്ലുകൾ കല്ലിന് ഇടിച്ചുതകർത്തിരുന്നു. ജനലിലൂടെ അകത്തേക്ക് നോക്കി വാതിൽ തുറക്കാൻ ആവശ്യപ്പെട്ട അക്രമി, തുറക്കുന്നില്ലെന്ന് കണ്ടതോടെ സമീപത്തുണ്ടായിരുന്ന കാറിന്റെ കവർ നശിപ്പിച്ചു. വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ ലഭിക്കാത്ത വിരോധത്തിൽ വാഹനത്തിനുള്ളിൽ കടന്നും ഇയാൾ അക്രമം കാട്ടി. ഇതിനിടെ നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അനക്കമില്ലാതെ കിടന്ന ഇയളെ പിന്നീട് പൊലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലായ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസെടുത്തിട്ടില്ലെന്ന് മണ്ണഞ്ചേരി പൊലീസ് അറിയിച്ചു.