ആലപ്പുഴ: കൃഷിയിടങ്ങൾക്ക് സമീപത്തെ ജലസ്രോതസുകളുടെ അവസ്ഥ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ജോൺ വി.സാമുവൽ പറഞ്ഞു. വേനൽക്കാല പ്രതിരോധ മാർഗനിർദ്ദേശവും മുന്നൊരുക്കവും ചർച്ച ചെയ്യാനായി കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. കൊയ്ത് കാലത്തിന് ശേഷം വൈക്കോലിന് തീയിടുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പാടശേഖര സമിതികൾക്ക് നിർദ്ദേശം നൽകാൻ യോഗം തീരുമാനിച്ചു. സൂര്യാഘാതം, സൂര്യാതപം, അത്യുഷ്ണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ, വിളകൾക്കുണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവ കർഷകരിലേക്ക് എത്തിക്കാൻ കൃഷി ഉദ്യോഗസ്ഥർ വിപുലമായ ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.