
ചാരുംമൂട് : സാനിട്ടോറിയം അന്തേവാസികൾക്ക് ഉല്ലാസയാത്രയൊരുക്കി അധികൃതർ. കൊല്ലം അഴീക്കൽ ബീച്ചിലേക്കായിരുന്നു യാത്ര.എം.എസ്. അരുൺകുമാർ എം.എൽ.എ യാത്ര ഫ്ലാഗ് ചെയ്തു. ഡി.എം.ഒ ഡോ.ജമുനാ വർഗീസും ഇവരെ യാത്രയാക്കാൻ എത്തിയിരുന്നു.നൂറനാട് കുഷ്ഠരോഗാശുപത്രി ആരംഭിച്ച് 89 വർഷങ്ങൾ പിന്നിടുമ്പോളാണ് മതിൽക്കെട്ടുകൾക്ക് പുറത്തേക്ക് അന്തേവാസികളുടെ ആദ്യ ഉല്ലാസയാത്രയ്ക്ക് അവസരം ഒരുങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ.പി.വി.വിദ്യയാണ് അന്തേവാസികൾക്കൊരു ഉല്ലാസയാത്ര എന്ന ആശയം എച്ച്.എം.സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി.സാമുവേലിനും, ഡി.എം.ഒ ഡോ.ജമുനാ വർഗീസിനും മുന്നിൽ രേഖാമൂലം അവതരിപ്പിച്ചത്. യാത്രയ്ക്ക് അനുമതി ലഭിച്ചതോടെ കെ.എസ്.ആർ.ടി.സി ബസും വിട്ടു നൽകി. ആശുപത്രി സ്റ്റാഫാണ് യാത്രാ ചെലവുകൾ ഉൾപ്പെടെ വഹിച്ചത്. അന്തേവാസികളിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത 30 സ്ത്രീ - പുരുഷൻമാരും 25 സ്റ്റാഫും അടങ്ങുന്ന സംഘം സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് യാത്ര തിരിച്ചത്.