തുറവൂർ : ദേശീയപാതയിൽ തുറവൂർ വെസ്റ്റ് ഗവ.യു.പി സ്കൂളിന്റെ പ്രവേശനകവാടത്തിന് മുൻവശം എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽ സ്ഥാപിച്ചതോടെ, റോഡിൽ നിന്ന് സ്കൂൾ അങ്കണത്തിലേക്ക് വാഹനം കയറ്റിയിറക്കാൻ സൗകര്യം ഇല്ലാതെയായി.
രണ്ടുമാസം മുമ്പാണ് എലിവേറ്റഡ് ഹൈവേയിൽ ലോഞ്ചിംഗ് ഗാൻട്രി ഉപയോഗിച്ച് കോൺക്രീറ്റ് ഗർഡർ സ്ഥാപിക്കുന്നതിനായി ഇവിടെ റെയിൽ സ്ഥാപിച്ചത്. റെയിലിന്റെ മുകളിലൂടെ സ്കൂളിലേക്ക് വാഹനങ്ങൾ കടന്നുപോകാൻ രണ്ട് വശവും താല്ക്കാലികമായി കോൺക്രീറ്റ് ചെയ്യുകയോ മണലിട്ട് ഉയർത്തുകയോ വേണം. എന്നാൽ റെയിൽ സ്ഥാപിച്ച നിർമ്മാണ കമ്പനി മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്രകാരം ചെയ്യാൻ മടിക്കുകയാണെന്നാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും പറയുന്നത്. തുറവൂർ താലൂക്ക് ആശുപത്രി പ്രവേശനകവാടത്തിന് മുന്നിൽ റെയിൽ കടന്നു പോകുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തു നൽകുകയും ചെയ്തിരുന്നു. കുത്തിയതോട് ഗ്രാമപഞ്ചായത്തും സ്കൂൾ അധികൃതരും പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി അധികൃതർ ഗൗനിച്ചില്ലെന്നാണ് ആരോപണം.
വഴിമുടക്കിയായി റെയിൽ
 നൂറ് കണക്കിന് പിഞ്ചുകുട്ടികൾ പഠിക്കുന്ന ഗവ.സ്കൂളാണിത്
 സ്കൂളിൽ 3 ബസുകളാണ് വിദ്യാർത്ഥികൾക്കായുള്ളത്
 തിരക്കേറിയ ദേശീയപാതയിലാണ് ഇപ്പോൾ കുട്ടികളെ ഇറക്കുന്നത്
 ഇത് വിദ്യാർത്ഥികളുടെ ജീവന് ഭീഷണി ഉയർത്തുന്നു
 റോഡിൽ ഗതാഗത തടസത്തിനും കാരണമാകുന്നു
അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ നിർമ്മാണ കമ്പനിയുടെ ഓഫീസ് ഉപരോധം അടക്കം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം റെയിലിന് മുകളിലൂടെ ദേശീയപാതയിലേക്ക് കയറാൻ ശ്രമിച്ച ബസ് മണ്ണിലിരുന്നു പോയി
- രാജു മാധവൻ, എസ്.എം.സി വൈസ് ചെയർമാൻ, തുറവൂർ വെസ്റ്റ് യു.പി.എസ്